ഷൂട്ടിങ്ങിനിടെ വലത് ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്ന് സിനിമാ പ്രവർത്തനങ്ങളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി രശ്മിക മന്ദാന. എന്നാൽ ഈ വിശ്രമകാലം താൻ ആസ്വദിക്കുകയാണെന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഡയറി കുറിപ്പിന്റെ മാതൃകയിൽ പങ്കുവെച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഷൂട്ടിങ് സെറ്റുകളിലെ തിരക്കുകളിൽ നിന്ന് മാറിനിൽക്കുമ്പോൾ ജീവിതം കുറച്ചുകൂടി പതുക്കെയാകുന്നത് നല്ല അനുഭവമാണെന്ന് രശ്മിക പറയുന്നു. അലാറം വെക്കാതെ ശരീരത്തിന് ആവശ്യമായ സമയത്ത് ഉണരുന്നതാണ് ഇപ്പോഴത്തെ ശീലം. ആരോഗ്യത്തിന് പ്രാധാന്യം നൽകി ദിവസത്തിൽ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും താരം വ്യക്തമാക്കി.
പുസ്തകങ്ങൾ വായിക്കുക, പസിലുകൾ ചെയ്യുക, വിവിധ ഷോകൾ കാണുക, മുടിയുടെയും ചർമത്തിന്റെയും സംരക്ഷണത്തിൽ ശ്രദ്ധ നൽകുക, മീറ്റിങ്ങുകളിൽ പങ്കെടുക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക തുടങ്ങിയവയാണ് വിശ്രമകാലത്തെ മറ്റ് കാര്യങ്ങൾ. ഇതിനിടെ സ്വന്തം വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണാനും സമയം കണ്ടെത്തിയതായി രശ്മിക പറഞ്ഞു.
വ്യായാമത്തോട് ഏറെ താൽപര്യമുള്ളതിനാൽ ഇപ്പോൾ വർക്ക്‌ഔട്ട് ചെയ്യാൻ കഴിയാത്തത് വലിയ വെല്ലുവിളിയാണെന്നും താരം പറയുന്നു. അതിനാൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും രശ്മിക വ്യക്തമാക്കി.
നിലവിലെ ജീവിതത്തിൽ ഉറക്കം, ഫിസിയോതെറാപ്പി, ചികിത്സ, ചർമ-മുടി സംരക്ഷണം, കുടുംബത്തോടൊപ്പമുള്ള സമയം, വായന എന്നിവയ്ക്കാണ് പ്രധാന സ്ഥാനമെന്നും താരം കൂട്ടിച്ചേർത്തു.





