തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ നൽകിയിരുന്ന വിവാഹമോചന ഹർജി ഭാര്യ സംഗീത പിൻവലിച്ചു. ചെങ്കൽപേട്ട് കുടുംബകോടതിയിൽ നിലവിലുണ്ടായിരുന്ന ഹർജിയാണ് അവർ തിരികെ വാങ്ങിയത്. മുൻപ് ജൂൺ 15-ന് കേസ് പരിഗണനയ്‌ക്ക് വന്നപ്പോൾ ഇരുപക്ഷവും കോടതിയിൽ എത്താതിരുന്നതിനെ തുടർന്ന് നടപടികൾ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഏറെ ജനശ്രദ്ധ ആകർഷിച്ച ഈ കേസിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ചെംഗൽപട്ട് കുടുംബകോടതി കേസ് പരിഗണിക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ ഇരുഭാഗത്തുനിന്നും ആളുകൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാദം കേൾക്കുന്നത് ഓഗസ്റ്റ് 7-ലേക്ക് മാറ്റിയത്. 2025 ഡിസംബർ 23-നാണ് സംഗീത വിജയ്‌ക്കെതിരെ ചെംഗൽപട്ട് ജില്ലാ കോടതിയെ സമീപിച്ച് വിവാഹമോചന ഹർജി സമർപ്പിച്ചത്. തുടർന്ന് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വിചാരണ നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ഏപ്രിൽ 20-ന് കേസ് പരിഗണിച്ച വേളയിൽ, പ്രമുഖ വ്യക്തികളായതിനാൽ ഉണ്ടാകാനിടയുള്ള സുരക്ഷാ പ്രശ്നങ്ങളും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ഇരുവിഭാഗവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ എന്ന് നേരിട്ട് ഹാജരാകാൻ കഴിയുമെന്ന് ജഡ്ജി ഇരുപക്ഷത്തിന്റെയും അഭിഭാഷകരോട് ആരായുകയും, ജൂണിൽ സാധിക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് ജൂൺ 15-ലേക്ക് മാറ്റിയിരുന്നത്.





