ബോളിവുഡ് താരം പ്രീതി സിന്റയുമായി ബന്ധപ്പെടുത്തി ഉയർന്നു കേട്ടിരുന്ന പ്രണയ അഭ്യൂഹങ്ങളിൽ ഒടുവിൽ മനസ്സ് തുറന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. ഐ.പി.എല്ലിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രചാരത്തിലുണ്ടായിരുന്ന ഈ പ്രണയ വാർത്തകൾക്ക് വർഷങ്ങൾക്കുശേഷമാണ് താരം കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.
പ്രീതി സിന്റയുമായി തനിക്ക് ഒരിക്കലും പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും, എന്നാൽ തങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളായി തുടരുന്നുവെന്നും 'ബോംബെ ടൈംസിന്' അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
ഐ.പി.എൽ പ്രഥമ പതിപ്പായ 2008 മുതൽ 2010 വരെയുള്ള കാലയളവിൽ പ്രീതി സിന്റ സഹ-ഉടമസ്ഥയായ കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന് വേണ്ടിയാണ് ബ്രെറ്റ് ലീ കളിച്ചിരുന്നത്. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കവേ, ഒരു ബോളിവുഡ് നടിയുമായും താൻ ഇതുവരെ പ്രണയത്തിലായിട്ടില്ലെന്ന് ലീ തുറന്നുപറഞ്ഞു. പ്രീതി വളരെ ബുദ്ധിമതിയായ ഒരു വനിതയാണെന്നും അവരോട് തനിക്ക് വലിയ ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





