ആർ. മാധവൻ പ്രധാന വേഷത്തിലെത്തുന്ന 'ജി.ഡി.എൻ' ഓഗസ്റ്റ് ഏഴിന് റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രേക്ഷകർക്കായി കിടിലനൊരു മത്സരവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അണിയറപ്രവർത്തകർ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ക്യൂആർ കോഡ് (QR Code) സ്കാൻ ചെയ്ത് സിനിമയുടെ ട്രെയിലർ കാണുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്യുന്നവർക്കാണ് സ്വർണം നേടാൻ അവസരമൊരുക്കിയിരിക്കുന്നത്.
ഈ പങ്കുവെക്കലിലൂടെ ഏറ്റവും കൂടുതൽ കോയിനുകൾ സ്വന്തമാക്കുന്ന ഒന്നാം സ്ഥാനക്കാരന് 10 ഗ്രാം സ്വർണ്ണമാണ് സമ്മാനമായി നൽകുക. കൂടാതെ, രണ്ട് മുതൽ പത്ത് വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് രണ്ട് ഗ്രാം സ്വർണ്ണം വീതവും ലഭിക്കും. ഓഗസ്റ്റ് ആറ് വരെയാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.
ഭാരതത്തിന്റെ പ്രഗത്ഭനായ എഞ്ചിനീയറും ശാസ്ത്രജ്ഞനുമായ ജി. ഡി. നായിഡുവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ജി.ഡി.എൻ'. 'ഇന്ത്യയുടെ എഡിസൺ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹമാണ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ വികസിപ്പിച്ചെടുത്തത്. തന്റെ അസാമാന്യമായ കണ്ടുപിടുത്തങ്ങൾ കൊണ്ടും മികച്ച സംരംഭങ്ങളിലൂടെയും കോയമ്പത്തൂർ നഗരത്തെ ഇന്നത്തെ വ്യവസായിക കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.





