ന്യൂഡൽഹി: ഡൽഹിയിലെത്തി പൊലീസുകാരെ ആക്രമിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സംഭവത്തിൽ വ്ലോഗർ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫറോക്ക് പൊലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നേപ്പാളിലും ശ്രീലങ്കയിലും ഉണ്ടായതുപോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും, പാർലമെന്റ് തകർക്കാനുള്ള അവസരമാണിതെന്ന രീതിയിലും പ്രചരണം നടത്തിയതായി എഫ്.ഐ.ആറിൽ പറയുന്നു.
ഒരു ബിജെപി പ്രവർത്തകൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നടപടി. താൻ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മുഹമ്മദ് അനസ് അത് നീക്കം ചെയ്തിരുന്നു. അതിനുശേഷം ഇയാൾ വിഷയത്തിൽ ക്ഷമാപണം നടത്തിക്കൊണ്ട് പുതിയൊരു വീഡിയോയും പങ്കുവെച്ചിരുന്നു.





