പരസ്പരം വേർപിരിഞ്ഞു ജീവിക്കാനുള്ള മടി കാരണം ഒരേ ചെറുപ്പക്കാരനെ വിവാഹം കഴിച്ചിരിക്കുകയാണ് മൂന്ന് സഹോദരിമാർ. ഉത്തർപ്രദേശിലെ അംറോഹയിലാണ് അപൂർവ്വമായ ഈ സംഭവം നടന്നത്. സരോജ് (20), സാവിത്രി റാണി (19), സന്തോഷ് (18) എന്നിവരാണ് വികാസ് എന്ന യുവാവിന്റെ ജീവിതസഖികളായത്.
സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേറ്റർമാരായി പ്രവർത്തിക്കുന്നവരാണ് ഈ മൂന്ന് സഹോദരിമാരും. ഇവരുടെ ഭർത്താവായ വികാസ് ആകട്ടെ ഒരു ക്യാമറാമാനുമാണ്. ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്. അതേസമയം, ഈ രീതിയിലുള്ള വിവാഹം ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വിരുദ്ധമാണെന്ന് ആരോപിച്ച് ചില ഹിന്ദു സംഘടനകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജീവിച്ചിരുന്ന കാലമത്രയും തങ്ങൾ ഒരിക്കൽപ്പോലും പിരിഞ്ഞിരുന്നിട്ടില്ലെന്നും, വിവാഹശേഷം മൂന്ന് വ്യത്യസ്ത വീടുകളിലേക്ക് മാറിത്താമസിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ലെന്നുമാണ് സഹോദരിമാർ പറയുന്നത്. വിവാഹത്തോടെ വേർപിരിയേണ്ടി വരുമല്ലോ എന്ന ഭയത്താൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നതായി ഇവർ വ്യക്തമാക്കുന്നു. അതിനുശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. തങ്ങൾ നാലുപേരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം പൂർണ്ണ സമ്മതത്തോടെയാണ് ഈ വിവാഹം നടന്നതെന്നും സഹോദരിമാർ കൂട്ടിച്ചേർത്തു.





