സംവിധായകനും നടനുമായ മേജർ രവിയുടെ സൈനിക പശ്ചാത്തലത്തെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് തന്റെ മകന് സംശയമുണ്ടായെന്നും, ഗൂഗിൾ ചെയ്ത് വിവരങ്ങൾ അറിഞ്ഞപ്പോൾ അവൻ ഞെട്ടിയെന്നുമാണ് നവ്യ പറയുന്നത്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'വിസിറ്ററി'ന്റെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.
"വീട്ടിൽ മേജർ രവി സാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മകൻ വന്ന് അദ്ദേഹത്തിന് ശരിക്കും മേജർ പദവിയുണ്ടോ എന്ന് ചോദിച്ചത്. ഉണ്ടെന്ന് ഞാൻ മറുപടി നൽകിയതോടെ അവൻ ഫോണിൽ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻ.എസ്.ജി കമാൻഡോ എന്നൊക്കെ കണ്ടപ്പോൾ അവൻ ശരിക്കും അത്ഭുതപ്പെട്ടു. 'ഓ മൈ ഗോഡ്, ഇത്രയും വർഷം അദ്ദേഹം കമാൻഡോ ആയിരുന്നോ അമ്മേ' എന്നാണ് അവൻ ചോദിച്ചത്," നവ്യ വ്യക്തമാക്കി.
രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിസിറ്റർ'. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നത്.



