ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാജമായി നിർമ്മിച്ച (മോർഫ് ചെയ്ത) എ.ഐ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ തലവൻ അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് കേസെടുത്തു. സംരംഭകനായ എസ്. അരവിന്ദ് റെഡ്ഡി, ബി.ജെ.പി നേതാവായ സായ് കിരൺ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മെറ്റാ മേധാവിയെ കൂടാതെ നിരവധിയായ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രധാനമന്ത്രിയുടെ വ്യാജ വീഡിയോ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസിന്റെ ഇടപെടൽ. ലഭ്യമാകുന്ന ഡിജിറ്റൽ തെളിവുകൾ കൃത്യമായി പരിശോധിച്ച് മാത്രമായിരിക്കും കേസിൽ തുടർന്നുള്ള അന്വേഷണ നടപടികളിലേക്ക് കടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ ബി.എൻ.എസ് , ഐ.ടി നിയമങ്ങളിലെ വകുപ്പുകളുടെ ലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.





