ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന ആരോപണത്തിൽ ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏകദേശം 1 ടെറാബൈറ്റ് ഡാറ്റ ഡാർക്ക് വെബിൽ എത്തിയെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ സൈബർ ഇൻഷുറൻസ് ക്ലെയിം പ്രക്രിയ ആരംഭിച്ചു. ഏകദേശം 750 കോടി രൂപയുടെ പരിരക്ഷയുള്ള സൈബർ ഇൻഷുറൻസ് പോളിസിയുടെ ഭാഗമായി പ്രധാന ഇൻഷുറൻസ് കമ്പനിയായ നാഷണൽ ഇൻഷുറൻസിനെ ബാങ്ക് വിവരമറിയിച്ചിട്ടുണ്ട്.
നിലവിൽ ഒരു നഷ്ടസൂചന നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. നിലവിൽ ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുന്നതിനാൽ, സംഭവത്തിന്റെ സ്വഭാവവും ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടവും കണക്കാക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഇതിലൂടെ സാധിക്കും. പൂർണ്ണമായ അന്വേഷണത്തിനു ശേഷമുള്ള ക്ലെയിമിലൂടെയാകും യഥാർത്ഥ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ ലഭ്യമാകുക.
സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ഇമെയിൽ അക്കൗണ്ട് ചോർത്തപ്പെട്ടതാണ് ഡാറ്റ ചോർച്ചയ്ക്ക് കാരണമെന്ന് ബാങ്ക് ഓഫ് ബറോഡ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. എന്നാൽ ബാങ്കിന്റെ പ്രധാന കോർ ബാങ്കിംഗ് സംവിധാനങ്ങളെല്ലാം പൂർണ്ണമായും സുരക്ഷിതമാണെന്നും അവിടേക്ക് യാതൊരുവിധ അനധികൃത കടന്നുകയറ്റവും ഉണ്ടായിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ ഫോറൻസിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി സഹകരിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.



