പാരീസ്: ജീവനക്കാരുടെ തൊഴിൽ സമയം കൃത്യമായി രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയതിന് ഐ.ടി ഭീമന്മാരായ ഇൻഫോസിസിന് വൻതുക പിഴയിട്ട് ഫ്രഞ്ച് ലേബർ അതോറിറ്റി. നിയമപരമായ നിബന്ധനകൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഫ്രാൻസിലെ പ്രാദേശിക തൊഴിൽ വകുപ്പായ 'DRIEETS lle-de France' ആണ് 1,75,000 യൂറോ (ഏകദേശം രണ്ട് കോടി രൂപ) പിഴ ചുമത്തിയിരിക്കുന്നത്.
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നതിനായി ഇൻഫോസിസ് ഉപയോഗിക്കുന്ന സംവിധാനം ഫ്രഞ്ച് നിയമങ്ങളിലെ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തി. ഈ സംവിധാനത്തിന്റെ വിശ്വാസ്യത, കൃത്യമായ ഓഡിറ്റ് രേഖകൾ സൂക്ഷിക്കാതിരിക്കൽ, ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് ഇത് നിരീക്ഷിക്കാനുള്ള സൗകര്യമില്ലായ്മ തുടങ്ങിയ പോരായ്മകളാണ് ലേബർ അതോറിറ്റി പ്രധാനമായും ചൂണ്ടിക്കാണിച്ചത്.
ഫ്രാൻസിലെ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, ജീവനക്കാരുടെ ജോലി സമയം, ഓവർടൈം, നിർബന്ധിതമായ വിശ്രമവേളകൾ എന്നിവ കൃത്യമായി തൊഴിലുടമകൾ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ഇവയെല്ലാം ഭാവിയിൽ പരിശോധിക്കാൻ (ഓഡിറ്റ് ചെയ്യാൻ) ഉതകുന്ന രീതിയിലുള്ള രേഖകളായി സൂക്ഷിക്കേണ്ടതുമുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഇൻഫോസിസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ.
ആഗോള വിപണിയിൽ മത്സരിക്കാൻ ഇന്ത്യയിലെ ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറാകണമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി മുൻപ് നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.




