വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ചൈന, യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങൾ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവയടക്കമുള്ള രാജ്യങ്ങളിലെ വ്യവസായ സബ്‌സിഡികളെക്കുറിച്ച് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുവ വർദ്ധനവിലേക്ക് അമേരിക്ക കടക്കുന്നത്.
ആഭ്യന്തര വ്യവസായ ഉൽപ്പാദനത്തിന് വിദേശ സർക്കാരുകൾ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിലൂടെ ഉൽപ്പാദന ശേഷി വർദ്ധിക്കുകയും, ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ എളുപ്പത്തിൽ എത്തുന്നത് വഴി അമേരിക്കൻ കമ്പനികൾക്കും ഉൽപ്പാദകർക്കും തിരിച്ചടിയുണ്ടാവുകയും ചെയ്യുന്നുവെന്നാണ് യു.എസിന്റെ ആരോപണം.
പുതിയ തീരുവയുടെ കൃത്യമായ നിരക്കുകൾ അമേരിക്ക ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, യു.എസുമായി വ്യാപാര കരാറുകളിൽ എത്തിയതിനാൽ ജപ്പാനും യൂറോപ്യൻ യൂണിയനും 15 ശതമാനമോ അതിൽ താഴെയോ മാത്രമേ തീരുവ നേരിടേണ്ടിവരൂ എന്നാണ് സൂചന; അതേസമയം ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങൾക്ക് ഉയർന്ന നിരക്കുകൾ ബാധകമായേക്കുമെന്നും ചൈനയ്ക്ക് മറ്റ് രാജ്യങ്ങളേക്കാൾ ഉയർന്ന തീരുവ നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും പുതിയ തീരുവ ബാധകമായേക്കാമെങ്കിലും, ദേശീയ സുരക്ഷയുടെ പേരിൽ നേരത്തെ തന്നെ തീരുവ ചുമത്തിയിട്ടുള്ള സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ തുടങ്ങിയ ചില വ്യവസായ ഉൽപ്പന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയേക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.





