വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ വികസനത്തിൽ പ്രമുഖ കമ്പനികൾ ഉത്തരവാദിത്തപരമായ സമീപനമല്ല സ്വീകരിക്കുന്നതെന്നും, ഈ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകി പ്രമുഖ എ.ഐ ഗവേഷണ സ്ഥാപനമായ ആൻത്രോപിക്കിലെ (Anthropic) ഗവേഷകൻ ജേക്കബ് കോക്സൺ രാജിവെച്ചു. എ.ഐ സുരക്ഷിതമായി വികസിപ്പിക്കുന്നതിൽ കമ്പനികൾ കാണിക്കുന്ന അനാസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ വ്യവസായ ലോകത്തും പുറത്തും സജീവമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. ആൻത്രോപിക്കിലും ഓപ്പൺ എ.ഐയിലുമായി (OpenAI) കഴിഞ്ഞ മൂന്ന് വർഷത്തോളം ഗവേഷണ രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് കോക്സൺ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ൽ (X) ചൊവ്വാഴ്ച പങ്കുവെച്ച കുറിപ്പിൽ, എതിരാളികളെ പിന്നിലാക്കി കൂടുതൽ കരുത്തുറ്റ മോഡലുകൾ വികസിപ്പിക്കാനുള്ള മത്സരത്തിനാണ് കമ്പനികൾ മുൻഗണന നൽകുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ അവർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആൻത്രോപിക്കും ഓപ്പൺ എ.ഐയും നടത്തിയ ചില വെളിപ്പെടുത്തലുകൾ സാങ്കേതിക ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരീക്ഷണ ഘട്ടത്തിലായിരുന്ന തങ്ങളുടെ എ.ഐ മോഡലുകൾ നിശ്ചിത പരിശോധനാ പരിധികളെ മറികടന്ന് ബാഹ്യ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നായിരുന്നു കമ്പനികൾ സമ്മതിച്ചത്. ഇത് മോഡലുകൾ നിയന്ത്രണം വിട്ട് ദോഷകരമായ പ്രവൃത്തികളിൽ ഏർപ്പെടുമോ എന്ന ഭീതി ഉയർത്തി. തുടർന്ന് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തുന്നതുവരെ ചില മൂല്യനിർണ്ണയ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇരു കമ്പനികളും വ്യക്തമാക്കിയിരുന്നു. ഈ സാങ്കേതികവിദ്യയുടെ അനിയന്ത്രിതമായ മുന്നേറ്റം അമേരിക്കൻ നേതാക്കൾക്കിടയിലും ആഗോളതലത്തിലും കടുത്ത ജാഗ്രതാ നിർദ്ദേശങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സമയം വൈകുന്നതിന് മുൻപ് എ.ഐ സുരക്ഷ ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ചയില്ലാത്ത ശക്തമായ മാനദണ്ഡങ്ങൾ ലോകരാജ്യങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ തുർക്ക് ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.
ആൻത്രോപിക്കും അവരുടെ പ്രധാന എതിരാളികളായ ഓപ്പൺ എ.ഐയും സ്വയം പരിഷ്കരിക്കാൻ ശേഷിയുള്ള 'സൂപ്പർ ഇന്റലിജൻസ്' സൃഷ്ടിക്കാനുള്ള കടുത്ത മത്സരത്തിലാണെന്നും, ഇത് മനുഷ്യജീവനുകൾ വെച്ചുള്ള ചൂതാട്ടമാണെന്നും കോക്സൺ കുറ്റപ്പെടുത്തി. ഈ സാങ്കേതികവിദ്യയുടെ ശേഷിയെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തെ ഏത് സംവിധാനത്തെയും ഹാക്ക് ചെയ്യാനും, ഏത് മേഖലയെയും ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാനും, യഥാർത്ഥ വിഭവങ്ങളും അധികാരവും പിടിച്ചെടുക്കാനും കഴിയുന്ന മാനുഷിക ശേഷികൾക്കപ്പുറമുള്ള ഒരു വ്യവസ്ഥിതിയായി ഇവ ഉടൻ പരിണമിക്കും. ഈ മുന്നേറ്റങ്ങൾ നാം കാണുന്നുണ്ടെന്നും അതിന്റെ വേഗത ഒട്ടും കുറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ദശകത്തിന്റെ അവസാനത്തോടെ തന്നെ മനുഷ്യന്റെ നിലനിൽപ്പിന് എ.ഐ ഭീഷണിയാകുമെന്ന് ഈ മേഖലയിലുള്ള പലരും ഭയക്കുന്നുണ്ട്. ഉന്നത എക്സിക്യൂട്ടീവുകളും മുതിർന്ന ഗവേഷകരും ഉൾപ്പെടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന പല പ്രമുഖരും ഈ സാങ്കേതികവിദ്യ ഭൂമിയിലെ സർവ്വ ജീവനെയും ഇല്ലാതാക്കാനുള്ള വലിയ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി 'കോക്സൺ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ കുറിപ്പുകൾ ഒറ്റരാത്രികൊണ്ട് 10 കോടിയിലധികം ആളുകളിലേക്കാണ് എത്തിയത്.
എ.ഐ മേഖലയിൽ പ്രവർത്തിക്കുന്നവർ പരസ്യമായി ഇത്തരം ഭയങ്ങൾ പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. സുരക്ഷാ ആശങ്കകളെ തുടർന്ന് മുൻപും ആൻത്രോപിക്കിലും ഓപ്പൺ എ.ഐയിലും ഉയർന്ന പദവികളിൽ നിന്നുള്ള പ്രമുഖരുടെ രാജികൾ ഉണ്ടായിട്ടുണ്ട്. കോക്സന്റെ നിലപാടുകളെ പിന്തുണച്ചുകൊണ്ട് നിലവിലെ രണ്ട് ആൻത്രോപിക് ജീവനക്കാരും രംഗത്തെത്തി. എ.ഐ സാങ്കേതികവിദ്യയ്ക്ക് മേൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ നിബന്ധനകളും കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന യു.എസ് സെനറ്റർ ബെർണി സാൻഡേഴ്സും കോക്സന്റെ ആശങ്കകളോട് പൂർണ്ണമായി യോജിച്ചു. എ.ഐ വികസനത്തിന് താൽക്കാലിക വിലക്കേർപ്പെടുത്താനും സൂപ്പർ ഇന്റലിജൻസ് നിരോധിക്കാനുമായി പുതിയ നിയമനിർമ്മാണം ഉടൻ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ നിർമ്മിക്കുന്നവർ തന്നെ ഇത് മനുഷ്യരാശിയുടെ ഭാവിക്ക് ഭീഷണിയാണെന്ന് സമ്മതിക്കുന്നതായി സാൻഡേഴ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
എ.ഐ നിർമ്മാണ കമ്പനികൾ പലപ്പോഴും തങ്ങളുടെ ഉൽപ്പന്നങ്ങളുടെ അപാരമായ കരുത്ത് പ്രദർശിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം ഭീഷണികളെ ഹൈലൈറ്റ് ചെയ്യുന്നതെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും, തന്റെ മുന്നറിയിപ്പുകൾ വെറുമൊരു 'മാർക്കറ്റിംഗ് തന്ത്ര'മല്ലെന്ന് കോക്സൺ തറപ്പിച്ചുപറഞ്ഞു. സ്വയം പുതിയൊരു മാരക വൈറസ് നിർമ്മിക്കുന്നത് പോലുള്ള ലക്ഷ്യങ്ങൾ എ.ഐ സ്വയം കണ്ടെത്താൻ സാധ്യതയുണ്ടെന്നും, ലാബുകളിലേക്ക് പ്രവേശനം നേടുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാത്തതിനാൽ അതൊരു വലിയ ഭീഷണിയാണെന്നും അദ്ദേഹം എൻ.ബി.സിയോട് കൂട്ടിച്ചേർത്തു. അതേസമയം, എൻ.ബി.സി ന്യൂസിന് നൽകിയ ഔദ്യോഗിക പ്രതികരണത്തിൽ, എ.ഐ വൻ സാധ്യതകൾക്കൊപ്പം അഭൂതപൂർവ്വമായ അപകടസാധ്യതകളും കൊണ്ടുവരുമെന്ന കാര്യത്തിൽ കമ്പനി എപ്പോഴും സുതാര്യത പുലർത്തിയിട്ടുണ്ടെന്ന് ആൻത്രോപിക് വക്താവ് അറിയിച്ചു. ഈ അപകടങ്ങളെ ചെറുക്കുന്നതിനായി ഏറ്റവും ശക്തമായ സുരക്ഷാ കവചങ്ങളോടെയാണ് തങ്ങൾ മോഡലുകൾ വികസിപ്പിക്കുന്നതെന്നും, കരുത്തുറ്റ മോഡലുകൾ പുറത്തിറക്കുന്ന വേഗത നിയന്ത്രിക്കാൻ നിയമപരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുന്നത് ഗുണകരമാകുമെന്നും കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഓപ്പൺ എ.ഐ ഉടൻ തയ്യാറായിട്ടില്ല.
2021-ൽ ഓപ്പൺ എ.ഐയിൽ നിന്ന് വിട്ടുപോന്ന സ്ഥാപകർ രൂപീകരിച്ചതുമുതൽ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഉത്തരവാദിത്തമുള്ള എ.ഐ കമ്പനിയെന്ന പ്രതിച്ഛായയാണ് ആൻത്രോപിക് സ്വീകരിച്ചിരുന്നത്. വേഗതയും സുരക്ഷയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സുരക്ഷയ്ക്കാണ് മുൻഗണന നൽകുകയെന്ന് കമ്പനി അടുത്തിടെയും വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിലുള്ള പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) ഒരുങ്ങുന്ന ആൻത്രോപിക്കും ഓപ്പൺ എ.ഐയും പരസ്പരം വിപണിയിൽ കടുത്ത മത്സരത്തിലാണ്. ഇതിനുപുറമെ, ട്രംപ് ഭരണകൂടം വലിയ താല്പര്യത്തോടെ ഉറ്റുനോക്കുന്ന ചൈനീസ് എ.ഐ കമ്പനികളുമായുള്ള സാങ്കേതിക കിടമത്സരത്തിൽ മുന്നിലെത്താനുള്ള കഠിനശ്രമത്തിലാണ് ഇരു സ്ഥാപനങ്ങളും.





