Malayali Media
World

ഇറ്റലിയിൽ പോലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു; വൻ ജനരോഷം.

മെലോണി സർക്കാറിനെതിരെ പ്രതിപക്ഷം തെരുവിൽ

23 Jul 202631 views 3 min read
ഇറ്റലിയിൽ പോലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു; വൻ ജനരോഷം.
Advertisement

പോലീസ് കസ്റ്റഡിയിൽ വെച്ച് മൊറോക്കൻ വംശജൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഇറ്റലിയിലുടനീളം ശക്തമായ ജനരോഷം അണപൊട്ടുന്നു. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി ജോർജിയ മെലോണിക്കും സർക്കാറിനുമെതിരെ പ്രതിപക്ഷ കക്ഷികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അമേരിക്കയിൽ നടന്ന ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് സമാനമായ സാഹചര്യമാണിതെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. വടക്കൻ ഇറ്റലിയിലെ ബോലോന്യയിൽ വെച്ചാണ് 42-കാരനായ അബ്ദുറഹീം ഫകീർ പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെടുന്നത്. ഫകീറിനെ പോലീസ് നിലത്തു കിടത്തി ശ്വാസം മുട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് നടത്തിയ അതിക്രമത്തെ മെലോണി സർക്കാർ പിന്തുണച്ചതോടെയാണ് മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

​ഫകീറിനെ കീഴ്‌പ്പെടുത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിക്കുകയും, ഇയാളുടെ മുഖം നിലത്തമർത്തിപ്പിടിച്ച് കൈവിലങ്ങ് അണിയുകയുമായിരുന്നു. ദുരന്തത്തിന് പിന്നാലെ മിലാനിലും ബോളോണിയയിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ റാലികൾ നടന്നു. "ഫക്കീറിന് നീതി ലഭ്യമാക്കുക", "പോലീസ് ക്രൂരത അവസാനിപ്പിക്കുക" എന്നീ മുദ്രാവാക്യങ്ങളുയർത്തി ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ മാതൃകയിൽ മുട്ടുകുത്തി നിന്നാണ് പ്രക്ഷോഭകർ പ്രതിഷേധിച്ചത്. എന്നാൽ ഇതിനിടയിൽ ചിലർ പൊലീസിന് നേരെ കുപ്പികളും പടക്കങ്ങളും എറിഞ്ഞതോടെ പ്രതിഷേധം അക്രമാസക്തമാകുകയും 60-ലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

​ഫകീറിന്റെ മരണത്തിൽ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മെലോണി രംഗത്തെത്തി. എന്നാൽ പ്രതിഷേധത്തിന്റെ മറവിൽ നഗരത്തിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതിനെയും പോലീസിനെ ആക്രമിക്കുന്നതിനെയും അവർ ശക്തമായി അപലപിച്ചു. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് പകരം നഗരത്തിൽ കലാപമുണ്ടാക്കാനാണ് പ്രക്ഷോഭകർ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. അതേസമയം, മെലോണി സർക്കാറിന്റെ വംശീയ നിലപാടുകളെയും പോലീസിന്റെ അനാവശ്യ ബലപ്രയോഗത്തെയും രൂക്ഷമായ ഭാഷയിലാണ് രാജ്യത്തെ പ്രതിപക്ഷ കക്ഷികളും പ്രാദേശിക ഭരണാധികാരികളും വിമർശിച്ചത്. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ച് നടപടികൾ പുരോഗമിക്കുകയാണ്.

Advertisement

Comments

Add a Comment

Our Channels

ഇറ്റലിയിൽ പോലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു; വൻ ജനരോഷം. | Malayali Media