കളിക്കളത്തിനകത്തും പുറത്തും ഫുട്ബോളിനായി ഇനിയും സംഭാവനകൾ നൽകാൻ തനിക്ക് ശേഷിയുണ്ടെന്നാണ് പൂർണ്ണ വിശ്വാസമെന്നും, എന്നാൽ രാജ്യത്തിന്റെ ടീമിന് പിന്തുണയാകാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന നിമിഷം താൻ കളം വിടുമെന്നും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. ദേശീയ ടീം ജേഴ്സി അഴിച്ചുവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു 41 വയസ്സുകാരനായ ഈ മുന്നേറ്റനിര താരം.
തന്റെ തീരുമാനങ്ങളെയും വർത്തമാനകാലത്തെയും ഭാവിയെയും കുറിച്ച് താൻ നിരന്തരം ചിന്തിക്കാറുണ്ടെന്നും, നിലവിൽ തന്നെ ഇവിടെ കാണുന്നതിന്റെ അർത്ഥം കളി തുടരുമെന്ന് തന്നെയാണെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. ഫെഡറേഷൻ പ്രസിഡന്റുമായും ടീമിന്റെ മുഖ്യ പരിശീലകനുമായും താൻ ആശയവിനിമയം നടത്തിയിട്ടുണ്ട്. അവർ ലക്ഷ്യമിടുന്ന നേട്ടങ്ങളിലേക്ക് ദേശീയ ടീമിനെ നയിക്കാൻ തനിക്ക് ഇനിയും സാധിക്കുമെന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. എന്നാൽ ടീമിനായി ഒന്നും ചെയ്യാനാകുന്നില്ലെന്ന അവസ്ഥ വരുമ്പോൾ ആ അധ്യായം അവിടെ അവസാനിക്കുമെന്നും താരം വ്യക്തമാക്കി.
ഫുട്ബോളിന് അപ്പുറത്തും ദേശീയ ടീമിന് ആവശ്യമായ പിന്തുണകൾ നൽകാൻ താൻ തയ്യാറാണെന്നും, കരിയറിൽ 1000 ഗോളുകൾ തികയ്ക്കുകയെന്നത് വലിയൊരു ആഗ്രഹമാണെന്നും റൊണാൾഡോ പറഞ്ഞു. ഈ നാഴികക്കല്ല് സ്വന്തം രാജ്യത്തിന്റെ കുപ്പായത്തിൽ എത്തിപ്പിടിക്കാൻ കഴിഞ്ഞാൽ അത് ഇരട്ടി മധുരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോം മങ്ങിയിട്ടും ദേശീയ ടീമിൽ കടിച്ചുതൂങ്ങുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ചില ആരാധകർ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ തൊടുത്തിരുന്നു. ചില ടെലിവിഷൻ മാധ്യമങ്ങളും തന്നെ വിമർശിക്കാൻ താല്പര്യപ്പെടുന്നുവെന്ന് തനിക്കറിയാമെന്ന് നിലവിൽ സൗദി ക്ലബ്ബായ അൽ നസറിന്റെ താരമായ റൊണാൾഡോ പ്രതികരിച്ചു. നിലവിൽ 979 കരിയർ ഗോളുകളാണ് ഈ ഫുട്ബോൾ ഇതിഹാസത്തിന്റെ അക്കൗണ്ടിലുള്ളത്.





