ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ടറായ അജിത് അഗാർക്കറുടെ സ്ഥാനം തെറിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അഗാർക്കർക്ക് പകരം ബെംഗളൂരു സെന്റർ ഓഫ് എക്സലൻസ് മേധാവിയും മുൻ ഇതിഹാസ താരവുമായ വി.വി.എസ്. ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറാക്കാൻ ബി.സി.സി.ഐ നീക്കം നടത്തുന്നതായാണ് വിവരം. 2026 ജൂണിൽ പൂർത്തിയാകേണ്ടിയിരുന്ന അഗാർക്കറുടെ കരാർ കാലാവധി മൂന്ന് മാസത്തേക്ക് കൂടി ബി.സി.സി.ഐ നീട്ടി നൽകിയിരുന്നു. 2027-ലെ ഏകദിന ലോകകപ്പ് വരെ അദ്ദേഹം ചുമതലയിൽ തുടർന്നേക്കുമെന്ന് കരുതിയിരുന്നെങ്കിലും, രോഹിത് ശർമ്മയുടെ ഏകദിന കരിയറിലെ ഭാവി നിർണ്ണയിക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ശേഷം രോഹിത് വിരമിക്കുമെന്നും, വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്നതിനെപ്പറ്റി അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ സമിതിയും കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടുന്ന ടീം മാനേജ്‌മെന്റും ചർച്ച ചെയ്തതായി ദേശീയ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തിന് തൊട്ടുമുൻപ് ഈ വിവരങ്ങൾ ചോർന്നതും, ആ മത്സരത്തിൽ രോഹിത് ശർമ്മ സെഞ്ചുറി അടിച്ചതും സെലക്ടർമാരെയും ടീം അധികൃതരെയും വലിയ പ്രതിസന്ധിയിലാക്കി. ഇതിന് പിന്നാലെ അഗാർക്കറോട് ആലോചിക്കുകപോലും ചെയ്യാതെ, 'ടീമിന്റെ ഭാവി പദ്ധതികളിൽ തുടരുന്നിടത്തോളം രോഹിത് മത്സരരംഗത്തുണ്ടാകും' എന്ന് വ്യക്തമാക്കിക്കൊണ്ട് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.
ഇതിന് പുറമെ, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം കളിയെക്കുറിച്ച് വിലയിരുത്താൻ ബി.സി.സി.ഐ അവലോകന യോഗം നിശ്ചയിച്ചിരുന്നെങ്കിലും ഇതുവരെയും അത് ചേരാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വരുന്ന ഒരു മാസത്തിനകം അഗാർക്കർ പദവിയിൽ നിന്നും പുറത്തുപോകുമെന്നും, വി.വി.എസ്. ലക്ഷ്മൺ പുതിയ ചീഫ് സെലക്ടറായി സ്ഥാനമേറ്റെടുക്കുമെന്നുമുള്ള സൂചനകൾ ശക്തമാകുന്നത്.





