കൊല്ലം:നീണ്ടകരയിൽ വെച്ച് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ ഭവനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തിച്ചേർന്നു. ഗൗതമിനെ കാണാതായി പതിനൊന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്. അദ്ദേഹത്തോടൊപ്പം മന്ത്രി ഷിബു ബേബി ജോണും ഉണ്ടായിരുന്നു. തീരാദുഃഖത്തിലായ ഗൗതമിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും കുടുംബത്തെ സന്ദർശിക്കാനെത്തിയത്. ഒരു കുടുംബവും അനുഭവിക്കാൻ പാടില്ലാത്ത വലിയൊരു ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് നേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്കമാക്കി. ഗൗതമിനെ കണ്ടെത്താനുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നും, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വിപുലമായ അന്വേഷണമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികൂലമായ കാലാവസ്ഥയുള്ള സാഹചര്യങ്ങളിൽ മാത്രമാണ് തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നത്. ബാക്കി ദിവസങ്ങളിലെല്ലാം കൃത്യമായി അന്വേഷണം നടന്നിരുന്നു. സാധ്യമായ എല്ലാ സന്നാഹങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.





