തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് കാണാതായ മീൻപിടുത്തക്കാരിൽ ഒരാളുടെ മൃതദേഹം വീണ്ടെടുത്തു. അഞ്ചുതെങ് സ്വദേശിയായ ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കണ്ണാന്തുറ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്താനായത്. അപകടത്തിൽപ്പെട്ട മറ്റൊരാളെക്കൂടി ഇനി കണ്ടെത്താൻ ബാക്കിയുണ്ട്. എന്നാൽ കടൽ കടുത്ത രീതിയിൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മേഖലയിൽ തെരച്ചിൽ നടത്തുന്നത് കടുത്ത വെല്ലുവിളിയാകുന്നുണ്ട്.
അഞ്ചുതെങ്ങ് സ്വദേശിയായ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. ദുരന്ത സമയത്ത് ആകെ നാലുപേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായതിനെ തുടർന്ന് കാണാതായവരുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന്, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌കൂബാ ഡൈവിംഗ് സംഘത്തെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കുകയായിരുന്നു.





