കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി സ്‌കൂൾ അധ്യാപക പരീക്ഷയ്ക്കായി വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ച് ആൾമാറാട്ടം നടത്തിയ സംഭവത്തിൽ രണ്ടുപേർ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി. കൊല്ലം മയ്യനാട് കാരിക്കുഴി ചിറ്റുവിലാകം സുനിൽ ദാസ്, കേസിൽ എട്ടാം പ്രതിയായ മയ്യനാട് താഴത്തുചേരി കൂട്ടിക്കട ദാറുസലാം വീട്ടിൽ ഷമീമ എന്നിവർ കുറ്റക്കാരാണെന്നാണ് വിധിന്യായം.
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി ലക്ഷ്മി ശ്രീനിവാസ് മൂന്ന് വർഷത്തെ തടവുശിക്ഷയും 5000 രൂപ പിഴയും വിധിച്ചു. അതേസമയം, രണ്ടാം പ്രതി വിചാരണയ്ക്ക് കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ വ്യക്തിപരമായി കോടതിയിൽ എത്തിയ ശേഷമേ തടവുശിക്ഷ പ്രഖ്യാപിക്കുകയുള്ളൂ. 2010 മേയ് മാസത്തിലായിരുന്നു കേസിന് ആസ്പദമായ ഈ ക്രമക്കേട് നടന്നത്.





