അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ വിട്ടയച്ച സംഭവത്തിൽ പോലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തിയതെന്നും, അറസ്റ്റിനായുള്ള നടപടികളൊന്നും പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് ചെയ്യുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കേണ്ടതുണ്ടെന്ന പ്രാഥമിക നിയമം പോലും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അറിയില്ലേയെന്ന് കോടതി ആശ്ചര്യപ്പെട്ടു. കാരണം കാണിക്കാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും ഉദ്യോഗസ്ഥൻ പ്രതിക്ക് രക്ഷപ്പെടാൻ ബോധപൂർവ്വം പഴുതുകൾ ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു.
പ്രതിയെ സംരക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടിട്ടുണ്ടെന്നും, ഈ കേസിൽ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന അവസ്ഥയാണുള്ളതെന്നും ജസ്റ്റിസ് എ. ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആഞ്ഞടിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ സർവീസിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഇയാൾ തീർത്തും അയോഗ്യനായ ഉദ്യോഗസ്ഥനാണെന്ന് കുറ്റപ്പെടുത്തി. പ്രതി നൽകിയ പണവും ഭക്ഷണവും വാങ്ങിയ പോലീസ് ഉദ്യോഗസ്ഥർ ഇയാളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ട്. ഇത്തരം ഒരു സംഭവം കഴിഞ്ഞ 15 വർഷത്തിനിടെ കേട്ടുകേൾവിയില്ലാത്തതാണെന്നും ഭരണകൂട സംവിധാനത്തിന്റെ പൂർണ്ണ പരാജയമാണ് ഇതെന്നും കോടതി വ്യക്തമാക്കി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സർക്കാർ കൃത്യമായ അന്വേഷണം നടത്തണമെന്നും, അല്ലാത്തപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. എസ്.ഐ.ടിയെ മാറ്റി തടിയൂരാനാണ് സർക്കാരും പോലീസ് ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്നും കോടതി ആരോപിച്ചു. സംഭവത്തിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച രേഖകൾ ഹൈക്കോടതിക്ക് കൈമാറാൻ മജിസ്ട്രേറ്റ് കോടതിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പാലിച്ചാണോ അറസ്റ്റ് നടത്തിയത് എന്ന് ഹൈക്കോടതി നേരിട്ട് പരിശോധിക്കും. നിതിൻ രാജിന്റെ കുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.
കഴിഞ്ഞ തിങ്കളാഴ്ച കുടകിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഡോ. എം.കെ. റാമിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അറസ്റ്റ് സംബന്ധിച്ച നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളെ വിട്ടയക്കുകയായിരുന്നു. തുടർന്ന് തലശ്ശേരി കോടതി വളപ്പിൽ വെച്ച് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചത് വലിയ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. പിന്നീട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ, താൻ നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് റാം മൊഴി നൽകിയത്.





