യു.എ.ഇയിൽ നിന്നുള്ള നിരവധി പ്രവാസി വിദ്യാർത്ഥികൾക്ക് യു.എസ് സർവകലാശാലകളിൽ പ്രവേശനം ലഭിച്ചിട്ടും വിസ അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തത് കടുത്ത ആശങ്കയ്ക്ക് വഴിവെക്കുന്നു. ക്ലാസുകൾ തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം ശേഷിക്കെ, യു.എ.ഇയിലും സ്വന്തം രാജ്യങ്ങളിലും അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ കിട്ടാത്തതാണ് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
യു.എ.ഇയിൽ വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ, ഇന്ത്യ അടക്കമുള്ള മാതൃരാജ്യങ്ങളിൽ പോയി വിസയ്ക്കായി അപേക്ഷിക്കാൻ അധികൃതർ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ അപേക്ഷാ കേന്ദ്രങ്ങളിലും ആഴ്ചകളായി സ്ലോട്ടുകളൊന്നും ലഭ്യമാകുന്നില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കുന്നു. ഇതേതുടർന്ന് മറ്റ് രാജ്യങ്ങളിൽ ഉന്നതപഠനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് പല കുടുംബങ്ങളും.
യു.എസ് എംബസിയിലെയും കോൺസുലേറ്റിലെയും ചില ജീവനക്കാരെ തിരിച്ചുവിളിച്ചതിനെ തുടർന്നാണ് സേവനങ്ങൾ പരിമിതപ്പെടുത്തിയതെന്ന് യു.എ.ഇയിലെ യു.എസ് എംബസി അറിയിച്ചു. അടിയന്തിര സാഹചര്യമുള്ളവർക്ക് വിസ ഇന്റർവ്യൂ തീയതി വേഗത്തിലാക്കാൻ 'എക്സ്പഡൈറ്റ് റിക്വസ്റ്റ്' (expedite request) സമർപ്പിക്കാമെങ്കിലും, ഇതിന് അനുമതി നൽകുന്നത് കൗൺസിലർ ഓഫീസറുടെ വിവേചനാധികാരത്തിന് വിധേയമായിരിക്കുമെന്നും അവർ വ്യക്തമാക്കി.
ഉയരുന്ന ട്യൂഷൻ ഫീസും വിസ നിയമങ്ങളിലെ മാറ്റങ്ങളും അന്താരാഷ്ട്രതലത്തിലുള്ള ഉപരിപഠനം കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ, വരും വർഷങ്ങളിൽ വിദേശ പഠനം ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾ ചെലവുകളും വിസയുമായി ബന്ധപ്പെട്ട തടസ്സങ്ങളും മുൻകൂട്ടി തന്നെ വിലയിരുത്തേണ്ടതുണ്ടെന്നും അവർ നിർദ്ദേശിക്കുന്നു.

