അമേരിക്കൻ സൈന്യത്തിന്റെ ഇറാനിലെ ആക്രമണങ്ങൾ തുടർച്ചയായ 11-ാം ദിവസവും തുടരുന്നു. ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണം നടത്തിയതായി യു.എസ്. സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണികൾ തടയുന്നതിനും അവരുടെ സൈനിക ശേഷി തകർക്കുന്നതിനുമാണ് ഈ നടപടിയെന്ന് സെന്റ്കോം വ്യക്തമാക്കി. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ, നാവിക സേനാ താവളങ്ങൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് യു.എസ് സൈന്യം വ്യക്തമാക്കുന്നു. യുദ്ധം 11 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ എണ്ണവിലയും ഉയരുകയാണ്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മുപ്പതിലേറെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും, ഇത് നൂറുകണക്കിന് നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുകയും സമുദ്ര ഗതാഗത സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്തതായി യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. കടുത്ത സംഘർഷങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഇപ്പോഴും തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു. മെയ് മാസത്തിന്റെ തുടക്കം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകൾക്കും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിനും സുരക്ഷിത പാത ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിച്ചുവെന്നും സെന്റ്കോം അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഇറാനിൽ സ്ഥിതി ചെയ്യുന്ന തബ്രിസ് നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 2.40-ഓടെ നഗരത്തിന് തൊട്ടടുത്തുള്ള സൈനിക മേഖലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ-ജസീറ വ്യക്തമാക്കുന്നു. കൂടാതെ, തെക്കുപടിഞ്ഞാറൻ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽപ്പെട്ട ബെഹ്ബഹാൻ, ഒമീദിയെ എന്നീ നഗരങ്ങൾക്ക് അടുത്തുള്ള പ്രദേശങ്ങളിലും അമേരിക്കൻ മിസൈലുകൾ പതിച്ചതായി ഫാർസ് വാർത്താ ഏജൻസി അറിയിച്ചു. തലസ്ഥാനമായ തെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമായതിന്റെ ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷനായ ഐ.ആർ.ഐ.ബി (IRIB) റിപ്പോർട്ട് ചെയ്തു.

