യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും മുഖാമുഖം എത്തുന്ന 'ഫൈനലിസിമ' പോരാട്ടം ഈ വർഷം നവംബർ മാസത്തിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഖത്തറിലെ ലുസൈൽ സ്റ്റേഡിയമാണ് മത്സരവേദിയായി പരിഗണിക്കുന്നത്. നേരത്തെ 2026 മാർച്ച് 27-ന് ഖത്തറിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നാണ് ഒഴിവാക്കിയിരുന്നത്. എന്നാൽ, ഇരുടീമുകളും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ഫൈനലിസിമ വീണ്ടും സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ ഫിഫയും സംഘാടകരും വേഗത്തിലാക്കിയിട്ടുണ്ട്.
മത്സരം നവംബറിൽ നടത്തുന്ന കാര്യത്തിൽ യുവേഫയും കോൺമെബോളും തമ്മിൽ ഉടൻ ധാരണയിലെത്തിയേക്കുമെന്നാണ് വിവരം. ലയണൽ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന പോരാട്ടങ്ങളിലൊന്നായി ഇത് മാറിയേക്കാം എന്ന പ്രത്യേകതയുമുണ്ട്. 2022-ലെ ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ലുസൈൽ സ്റ്റേഡിയം തന്നെയാണ് മത്സരത്തിനായി നിശ്ചയിക്കുന്നത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് 2022-ൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പിൽ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) കീഴടക്കിയാണ് അർജന്റീന ട്രോഫി ഉയർത്തിയത്.
2026-ലെ ഫുട്ബോൾ ലോകകപ്പിൽ 2022-ലെ വിജയികളായ അർജന്റീനയെ മറികടന്നാണ് സ്പെയിൻ ലോകകിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലായിരുന്നു സ്പെയിനിന്റെ വിജയം. മെസ്സിയെയും സംഘത്തെയും പൂർണ്ണമായി നിഷ്പ്രഭമാക്കിയായിരുന്നു സ്പെയിൻ കിരീടത്തിലേക്ക് എത്തിയത്.



