തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, പാർട്ടി നേതാക്കളെ വിമർശിച്ച് ദേശീയ വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. പ്രതിപക്ഷം ഗാലറിയിലിരുന്ന് കളി കാണുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴുപ്പലക്കാൻ നാക്കെടുക്കുന്ന നേതാക്കൾക്ക് നേതാക്കന്മാരായി വിലസാൻ കഴിയുന്നത് സാധാരണ പ്രവർത്തകർ വിയർപ്പൊഴുക്കുന്നത് കൊണ്ടാണെന്നും വസന്ത് സിറിയക് ഓർമ്മിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
യാദവകുലത്തെപ്പറ്റി കേട്ടിട്ടുണ്ടോ? പരസ്പരം തല്ലിയും പോരടിച്ചും സ്വയം നശിച്ചുപോയ ഒരു കുലം. എന്റെ പ്രസ്ഥാനത്തിന്റെ അവസ്ഥ അത്തരത്തിലേക്ക് എത്തരുതേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ എനിക്കുള്ളൂ.
വിഴുപ്പലക്കാന്‍ നാക്കെടുക്കുന്ന നേതാക്കള്‍ ചില കാര്യങ്ങള്‍ ഓര്‍ത്താല്‍ നന്ന്. നിങ്ങളുടെ നാക്കില്‍ ഉമിനീര്‍ വറ്റാതെ, നിങ്ങള്‍ക്ക് നേതാക്കളായി വിലസാന്‍ കഴിയുന്നത് തെരുവില്‍ പോസ്റ്റര്‍ ഒട്ടിച്ചും കൊടി പിടിച്ചും ആയിരക്കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുന്നതുകൊണ്ടാണ്. അവരുടെ അധ്വാനവും ആത്മാഭിമാനവും ഒരിക്കലും മറക്കരുത്.
കെപിസിസിയുടെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ ശിരസാവഹിക്കുകയാണ്. എന്നാല്‍ അതിനിടയിലും ഏതെങ്കിലും നേതാക്കള്‍ വീണ്ടും പ്രവര്‍ത്തകരെ അപമാനിക്കാനും അധിക്ഷേപിക്കാനും മുതിര്‍ന്നാല്‍, അതിനെ പ്രവര്‍ത്തകര്‍ തന്നെ നേരിടേണ്ടിവരുന്ന ഒരു കാലം വിദൂരമല്ല.
ഇവിടെ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി തിരിച്ചറിയണം. പ്രതിപക്ഷം ഗാലറിയിലിരുന്ന് കളി കാണുകയാണ്. മറുവശത്ത്, ജയരാജന്മാരുടെയും യമരാജന്മാരുടെയും റിസോര്‍ട്ട് കച്ചവടം മുതല്‍ മറ്റു പല ഇടപാടുകളുടെയും കഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
അവരെ പ്രതിരോധത്തിലാക്കാന്‍ ലഭിച്ചിരിക്കുന്ന രാഷ്ട്രീയ അവസരങ്ങള്‍ അനവധിയാണ്. ഈ സാഹചര്യത്തില്‍ കുന്തമുന തിരിക്കേണ്ടത് സ്വന്തം നെഞ്ചിലേക്കാണോ അതോ ശത്രുപക്ഷത്തേക്കാണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. സ്വന്തം അണികളെ വേട്ടയാടിയും പരസ്പരം ചെളിവാരിയെറിഞ്ഞും ശത്രുപക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുക്കരുത്. ഒരു കാര്യം കൂടി ഓര്‍ക്കുക: കോണ്‍ഗ്രസിനെ ഒരു കാലത്തും ജനങ്ങള്‍ വെറുത്തിട്ടില്ല. കോണ്‍ഗ്രസുകാരനെ എന്നും വെറുത്തിട്ടുള്ളത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്.





