കണ്ണൂർ: പയ്യന്നൂരിൽ മുൻ എം.എൽ.എ ടി.ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ 'ചോരയ്ക്ക് ചോര' എന്ന് പ്രസംഗിച്ചത് ആർക്കും പ്രശ്നമല്ലെന്നും, മധുസൂദനന്റെ പ്രസംഗത്തെച്ചൊല്ലി വിവാദമുണ്ടാക്കുന്ന മാധ്യമങ്ങൾ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി; മുഖ്യമന്ത്രിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും കെ.കെ. രാഗേഷ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയേക്കാൾ വലുതല്ല മധുസൂദനനെന്നും 'ചോരയ്ക്ക് ചോര' എന്ന കടുത്ത പദത്തേക്കാൾ വലുതല്ല 'പകരത്തിന് പകരം' എന്നതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. ധനരാജ് വധക്കേസിൽ പാർട്ടി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും, മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോയെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ വിവാദമുണ്ടാക്കിയിട്ട് വരൂ എന്നും മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ പരിപാടിയിലായിരുന്നു ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം. കണക്കുപറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും, ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്ന് ഓർമിപ്പിച്ചുകൊണ്ടുമായിരുന്നു മധുസൂദനന്റെ പ്രസംഗം; ഇതിൽ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.





