തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിലിന് പിന്തുണയുമായി നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് രംഗത്തെത്തി. വ്യക്തിതാൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കും നാടിനും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ഷാഫിയെ മറക്കരുതെന്നും, വ്യക്തിതാൽപര്യങ്ങൾക്കായി തങ്ങളെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്ത പൊതുജനത്തെ വെറുപ്പിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷാഫി വഹിച്ച പങ്ക് എടുത്തുപറഞ്ഞ കെ.എം. അഭിജിത്ത്, യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളിൽ ഷാഫിക്ക് വലിയൊരു പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി. 2011-ൽ പാലക്കാട് നിയോജകമണ്ഡലം തിരിച്ചുപിടിക്കാൻ ആരെന്ന ചോദ്യത്തിന് ഷാഫി മാത്രമായിരുന്നു ഉത്തരമെന്നും, ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നെന്നും അഭിജിത്ത് ഓർമ്മിപ്പിച്ചു.
വിദ്യാർത്ഥി കാലം മുതൽ പാർട്ടിക്കുവേണ്ടി പോരാടിയ ഷാഫി, ആത്മാർത്ഥതയും സേവനസന്നദ്ധതയും സംഘാടനമികവും ഒന്നിച്ചപ്പോൾ യൂണിറ്റ്, മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ പദവികളിലേക്ക് ഉയരുകയായിരുന്നുവെന്നും, ഒരു പദവിയും ചോദിച്ചു വാങ്ങിയിട്ടില്ലെന്നും അഭിജിത്ത് വ്യക്തമാക്കി. പാർട്ടി പ്രതിസന്ധിയിലായിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്ന് പ്രവർത്തിച്ച ഷാഫി, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം പ്രശംസിച്ചു; പൊതുജനത്തെ വെറുപ്പിക്കരുതെന്നത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണെന്നും പോസ്റ്റിൽ പറയുന്നു.





