കൊച്ചി: മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ, 'എഫ് ട്യൂൺ' (F Tune) ഫെയ്സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടി. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണ് സൈറ്റുകൾ പൂട്ടിയതെന്നാണ് വിവരം; ക്രീമിന്റെ പരസ്യങ്ങളിൽ നൽകിയിരുന്ന നാല് ഫോൺ നമ്പറുകളും ഇതിൽ പ്രധാനിയെന്ന് കരുതുന്ന കാസർകോട് സ്വദേശിയായ സ്ത്രീയുടെ നമ്പറും നിലവിൽ പ്രവർത്തനരഹിതമാണ്.
ഫോൺ നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന് കത്ത് നൽകുകയും വിദ്യാർത്ഥിനിയുടെ പരാതിയിൽ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ദുബായ്, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ കാസർകോടുള്ള കേന്ദ്രങ്ങളിൽ വെച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം മലപ്പുറത്തെ വിവിധ സ്ഥലങ്ങളിലും കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ രണ്ട് ജില്ലകളിലാണ് ഇത്തരം ഫെയർനസ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്നും, വിപണിയിലെത്തിക്കുന്ന മാർഗങ്ങൾ കണ്ടെത്തി വിൽപന പൂർണ്ണമായും തടയാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വ്യാജ ഫെയർനസ് ക്രീമുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ലാത്തതിനിടെ, വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എഫ് ട്യൂൺ ക്രീം ഇപ്പോഴും വിൽപനയ്ക്ക് ലഭ്യമാണെന്നത് ആശങ്കയുയർത്തുന്നുണ്ട്. നേരത്തെ ഇത്തരം ക്രീമുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചപ്പോൾ വിദേശത്തുനിന്ന് എത്തിച്ച് ഇന്ത്യയിൽ വെച്ച് റീപാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്നതായി കണ്ടെത്തിയിരുന്നെങ്കിലും ഉടമസ്ഥാവകാശവും വിപണനാവകാശവും ആർക്കാണെന്ന് കണ്ടെത്താനായിരുന്നില്ല; മുൻപ് വിറ്റഴിച്ച അതേ ക്രീമുകൾ ഇപ്പോൾ മറ്റ് ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.





