തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടത്തിയ അഴിമതിയെക്കുറിച്ചുള്ള പരാതിയിൽ വ്യക്തമായ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും നിയമപരമായ തുടർനടപടികളുമായി മുന്നോട്ടുപോകാൻ വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
2006-ൽ ഗ്യാനേഷ് കുമാർ കേരളത്തിൽ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന വേളയിലാണ് ലോകബാങ്കിന്റെ 215 കോടി രൂപ ചെലവിട്ട് എംസി റോഡ് നവീകരിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഒരു മലേഷ്യൻ കമ്പനിയാണ് നിർമ്മാണ കരാർ എടുത്തത്. പ്രവൃത്തികൾ നടക്കുന്നതിനിടെ പ്രോജക്ട് എഞ്ചിനീയറായ ലീ സീ ബീൻ നിരവധിയായ പരാതികൾ ഉന്നയിക്കുകയും ഒടുവിൽ മലേഷ്യയിലേക്ക് മടങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു.
ലീ സീ ബീൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം അന്ന് വിജിലൻസ് പരിശോധിച്ചതാണെങ്കിലും പിന്നീട് ഭരണം മാറിയതോടെ അന്വേഷണം നിലച്ചുപോയി. വിഷയത്തിൽ സമഗ്രമായ പുനരന്വേഷണം വേണമെന്ന് കാണിച്ച് മലയിൻകീഴ് വേണുഗോപാലാണ് പരാതി തന്നത്. വിശദമായ അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് മുഖ്യമന്ത്രിയോട് സംസാരിച്ച ശേഷം വിജിലൻസ് ഡയറക്ടറോട് നടപടിക്ക് നിർദ്ദേശിച്ചതെന്നും, മുൻപ് തേച്ചുമാച്ചു കളഞ്ഞ കേസാണിതെന്നും അദ്ദേഹം പറഞ്ഞു. അച്യുതാനന്ദൻ സർക്കാർ വന്നതോടെ ഗ്യാനേഷ് കുമാറിന് സ്ഥലംമാറ്റം ലഭിച്ച് ഡൽഹിയിലേക്ക് പോയി. ഇപ്പോൾ പരാതി ലഭിച്ചിരിക്കുന്നത് ഗ്യാനേഷ് കുമാറിനെതിരെയാണെന്നും ഏതെല്ലാം വശങ്ങളാണ് പരിശോധിക്കേണ്ടതെന്ന് വിജിലൻസാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പോലീസിനെതിരെ വധഭീഷണി മുഴക്കിയതിന് കേസെടുത്ത സംഭവത്തിലും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ഒരു പാർട്ടി ജില്ലാ സെക്രട്ടറി പോലീസുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ന്യായീകരിക്കാനാകുമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. കഴിഞ്ഞ 10 വർഷക്കാലവും ഇതേ പോലീസ് സേന തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്, അല്ലാതെ തമിഴ്നാട്ടിൽ നിന്ന് ആരെയും കൊണ്ടുവന്നിട്ടില്ല. പോലീസിനെ വിരട്ടി വരുതിയിലാക്കാമെന്ന വ്യാമോഹം വേണ്ടെന്നും പോലീസുകാരുടെ വീടുകളിലേക്ക് തങ്ങൾ മാർച്ച് നടത്തിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സേനാംഗങ്ങളുടെ വീട്ടിലുള്ളവർ എന്ത് തെറ്റാണ് ചെയ്തത്? സിപിഐഎം നൽകിയ പരാതികൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നിയമം അതിന്റെ സ്വന്തം വഴിക്ക് മുന്നോട്ടുപോകും. പലയിടത്തും പോലീസിനെ ഭീഷണിപ്പെടുത്തുന്ന പ്രവണത കാണുന്നുണ്ട്; എന്നാൽ പോലീസ് ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി. നന്ദകുമാർ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയിലും രമേശ് ചെന്നിത്തല തന്റെ നിലപാട് വ്യക്തമാക്കി. മലപ്പുറം ഒരിക്കലും മതവർഗ്ഗീയവാദികളുടെ താവളമല്ലെന്നും നന്ദകുമാർ അത്തരം വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മുതിർന്ന നേതാവായ നന്ദകുമാർ മനസ്സിലാക്കേണ്ടത് മലപ്പുറം മതസൗഹാർദ്ദത്തിന് പേരുകേട്ട മണ്ണാണെന്നാണ്. അതിനാൽ വിവാദ പരാമർശം പിൻവലിച്ച് അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.





