തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ നിലപാട് വ്യക്തമാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവസ്ഥലത്ത് മനഃപൂർവ്വം പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കുകയായിരുന്നു. തന്നെപ്പോലും പോലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാക്കിയ സഞ്ജീവ്, എന്തിന്റെ പേരിലായിരുന്നു പോലീസിന്റെ ഈ നരനായാട്ടെന്നും ചോദിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു വന്നവർ എന്തിനാണ് യൂണിവേഴ്സിറ്റി ഹോസ്റ്റൽ കെട്ടിടത്തിന് നേരെ കല്ലുകളും വടികളും കത്തുന്ന തീപ്പന്തങ്ങളും വലിച്ചെറിഞ്ഞതെന്ന് അദ്ദേഹം ആരാഞ്ഞു. ഇതിൽ സ്വാഭാവികമായും വിദ്യാർത്ഥികൾ ക്ഷുഭിതരാവുകയും അത് സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഈ ഘട്ടത്തിലാണ് താൻ അവിടെയെത്തുന്നത്. അപ്പോഴേക്കും സമരക്കാർ എറിഞ്ഞ തീപ്പന്തം വീണ് ഹോസ്റ്റൽ പരിസരത്ത് തീ പടർന്നുപിടിച്ചിരുന്നു. ഈ തീയണയ്ക്കാൻ സഹായിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന്, വിദ്യാർത്ഥികളെ ശാന്തരാക്കി മാറ്റിനിർത്തി ഫയർഫോഴ്സിനെക്കൊണ്ട് തീ അണപ്പിക്കാൻ തങ്ങൾ മുൻകൈയെടുത്തു. എന്നാൽ ഈ സമയം നൂറുകണക്കിന് യൂത്ത് കോൺഗ്രസുകാർ സംഘടിച്ചെത്തി വീണ്ടും ഹോസ്റ്റലിനകത്തേക്ക് തുരുതുരെ കല്ലേറ് തുടങ്ങി. ഇതോടെ സ്വാഭാവികമായ പ്രതിരോധമെന്ന നിലയിൽ തിരിച്ചും കല്ലേറുണ്ടായി. കന്റോൺമെന്റ് സിഐയും എസ്ഐയും കോൺഗ്രസിന് അടിമപ്പണി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവരുടെ ഓഫീസിൽ പോയി ചെയ്താൽ മതിയെന്നും ഇങ്ങോട്ട് വരേണ്ടതില്ലെന്നും സഞ്ജീവ് ആഞ്ഞടിച്ചു.
സംഘർഷത്തിനിടെ ഹോസ്റ്റൽ മുറികൾക്ക് പുറത്തേക്ക് ഇറങ്ങാത്ത നിരപരാധികളായ വിദ്യാർത്ഥികളെപ്പോലും പോലീസ് മുറികളിൽ കയറി അതിക്രൂരമായി തല്ലിച്ചതച്ചു. പോലീസുകാർ കുറച്ചെങ്കിലും മര്യാദ കാണിക്കണം. പ്രശ്നം പരിഹരിക്കാൻ പോലീസുമായി പൂർണ്ണമായി സഹകരിച്ച തങ്ങളെയാണ് അവർ തല്ലിയോടിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ച് മുന്നിൽ നിന്ന തങ്ങളെത്തന്നെ പോലീസ് പ്രതിക്കൂട്ടിലാക്കി. ഹോസ്റ്റലിനകത്തേക്ക് അതിക്രമിച്ചു കടന്ന് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത് എന്തിന്റെ പേരിലാണ്? യൂത്ത് കോൺഗ്രസുകാർ കൊണ്ടുവന്ന തീപ്പന്തങ്ങൾ എങ്ങനെയാണ് ഹോസ്റ്റൽ കോമ്പൗണ്ടിനകത്ത് എത്തിയത്? കോൺഗ്രസിനെതിരെ കല്ലെറിയാൻ മാത്രം നിലവിൽ അവരുമായി എസ്എഫ്ഐക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്നും സഞ്ജീവ് ചോദിച്ചു. തന്നെ കൃത്യമായി ലക്ഷ്യം വെച്ച് അടയാളപ്പെടുത്തിയാണ് പോലീസ് ലാത്തി വീശിയതെന്നും പി.എസ്. സഞ്ജീവ് തുറന്നടിച്ചു.





