തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ അതൃപ്തി അറിയിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ പരിഹാസവുമായി സിപിഐഎം നേതാവ് എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ ഓരോ നിലപാടുകളുടെയും ആത്മഹത്യയാണ് അനുദിനം കാണാൻ കഴിയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിലപാടുകളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചവരൊക്കെ ഇപ്പോൾ എവിടെപ്പോയെന്നും സതീശന്റെ നിലപാടുകൾ സ്വയം ഇല്ലാതാകുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം കുറിച്ചു. അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തിയതിൽ വി.ഡി. സതീശൻ കടുത്ത രോഷത്തിലാണെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അത് പിൻവലിപ്പിച്ചതെന്നും രാജേഷ് വ്യക്തമാക്കി.
മുൻപ് നവകേരള സദസ്സ് നടന്ന വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇതേ യൂത്ത് കോൺഗ്രസുകാരെ കരിങ്കൊടിയുമേന്തി വിട്ട സതീശന് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി ഉയർത്തുമ്പോൾ മാത്രം ഭയന്ന് വിറയ്ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അന്ന് പിണറായിക്കെതിരെ സമരം നടത്തിയത് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ എന്നും അദ്ദേഹം ആരാഞ്ഞു. പിണറായിക്കെതിരെ ഉയർത്തുന്ന കരിങ്കൊടിയാണെങ്കിൽ ബലേഭേഷ് എന്നും അമിത് ഷായ്ക്കെതിരെയാകുമ്പോൾ മുട്ടുവിറയ്ക്കുന്ന നിലപാടുമാണ് സതീശനുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തൊഴുതുനിന്ന സതീശൻ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുന്നിൽ തലകുനിക്കുന്നതിൽ എന്ത് അത്ഭുതമാണുള്ളതെന്നും എം.ബി. രാജേഷ് ചോദിച്ചു.





