കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പോലീസ്. ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് യാതൊരുവിധ തടസ്സങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നും, ഒരു വിവിഐപിക്ക് നൽകേണ്ടുന്ന എല്ലാ മുൻകരുതലുകളും കൃത്യമായി ഒരുക്കിയിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി സഞ്ചരിച്ച വാഹനം തടയപ്പെടുകയോ സമരം ചെയ്തവർ വാഹനത്തിന് സമീപത്തേക്ക് എത്തുകയോ ചെയ്തിട്ടില്ല. കരിങ്കൊടി ഉയർത്തിയ ഉടൻ തന്നെ പോലീസ് കൃത്യസമയത്ത് ഇടപെട്ട് പ്രവർത്തകരെ അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേകമായി മറ്റൊരു കേസെടുക്കേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലവിൽ തന്നെ കേസ് നിലനിൽക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് രാജ്യവ്യാപകമായി സംഘടിപ്പിച്ചു വരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിൽ പ്രതികരിച്ചു. കരിങ്കൊടി പ്രതിഷേധങ്ങൾ ഇനിയും ആവർത്തിക്കുമെന്നും, ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കരിങ്കൊടി കാണിക്കുമെന്നും ബിനു ചുള്ളിയിൽ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, തലസ്ഥാന ജില്ലയിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറി. ബാലരാമപുരത്തും ആറാലുംമൂട്ടിലും വെച്ചാണ് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശിയത്. നെയ്യാറ്റിൻകരയിൽ ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ. ജനീഷിന് പോലീസ് അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതിഷേധത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല.





