കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ കടുത്ത അതൃപ്തിയിലായ മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. വളരെ മുതിർന്ന ഒരു നേതാവായ തോമസ് ഉണ്ണിയാടൻ സ്വന്തം പ്രസ്ഥാനത്തിൽ കടുത്ത അവഗണന നേരിടുകയാണെന്നും, അദ്ദേഹത്തിന് കൂടുതൽ അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസഫ് ഗ്രൂപ്പിൽ അസംതൃപ്തരായ നിരവധി ആളുകളുണ്ട്; തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലാണ് അവിടെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. അവിടെ ചില അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങൾ ഉടൻ സംഭവിക്കാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജോസ് കെ. മാണി ഈ പ്രതികരണം നടത്തിയത്. തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി നിലനിൽക്കുന്ന തർക്കങ്ങൾ അദ്ദേഹം പാർട്ടി വിടുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളിലേക്ക് വരെ വഴിമാറിയിരുന്നു.
പാർട്ടി നേതൃത്വവുമായി കുറച്ചുനാളുകളായി അകൽച്ച പാലിച്ചുപോരുകയാണ് തോമസ് ഉണ്ണിയാടൻ. സംഘടനയിലെ മുതിർന്ന നേതാവായ തന്നെ വേണ്ടവിധം പരിഗണിച്ചില്ലെന്ന പരാതി അദ്ദേഹത്തിനുണ്ടായിരുന്നു. യുഡിഎഫ് അധികാരത്തിലേറിയ വേളയിൽ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് തോമസ് ഉണ്ണിയാടൻ പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോൻസ് ജോസഫിനെ മന്ത്രിയാക്കണമെന്ന നിലപാടിൽ പി.ജെ. ജോസഫ് ഉറച്ചുനിൽക്കുകയാണുണ്ടായത്. അധികമായി ഒരു മന്ത്രിസ്ഥാനം കൂടി ചോദിച്ചെങ്കിലും അത് ലഭിച്ചതുമില്ല. പകരം പാർട്ടിയുടെ പങ്കായി കിട്ടിയ ചീഫ് വിപ്പ് പദവി മകൻ അപു ജോസഫിനാണ് നൽകിയത്. ഇതിനുപിന്നാലെയാണ് നേതൃത്വത്തിനെതിരെ തോമസ് ഉണ്ണിയാടൻ ഇടഞ്ഞത്.
ജോസഫ് ഗ്രൂപ്പ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ച അതേ ദിവസം തന്നെ തൃശൂരിൽ 'സ്നേഹാദരം' എന്ന പേരിൽ ഉണ്ണിയാടൻ സമാന്തര പരിപാടി സംഘടിപ്പിച്ചത് തർക്കം രൂക്ഷമാക്കി. സുഹൃത്തുക്കൾ മുൻകൈയെടുത്ത് നടത്തിയ ചടങ്ങാണെന്ന് വിശദീകരിച്ച് വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, തോമസ് ഉണ്ണിയാടൻ പാർട്ടി വിടുകയാണെന്ന രീതിയിൽ വാർത്തകൾ പരന്നു. തുടർന്ന് വിശദീകരണവുമായി അദ്ദേഹം തന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. സ്ഥാനമാനങ്ങൾ ലഭിക്കാത്തതിലല്ല, മറിച്ച് നേരിടേണ്ടി വന്ന കടുത്ത അവഗണനയിലാണ് തനിക്ക് വേദനയുള്ളതെന്ന് തോമസ് ഉണ്ണിയാടൻ റിപ്പോർട്ടറോട് പ്രതികരിച്ചിരുന്നു. തന്നെ എന്തിനാണ് ഇത്തരത്തിൽ അവഗണിച്ചതെന്ന് നേതൃത്വം വ്യക്തമാക്കണം. കഠിനാധ്വാനം ചെയ്ത് പാർട്ടിക്കായി പ്രവർത്തിച്ച ഒരാൾക്ക് ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോൾ വിഷമം തോന്നുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.





