തിരുവനന്തപുരം: വിവാദമായ സ്വകാര്യ വിമാനയാത്രയിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ പൂർണ്ണമായി കാറ്റിൽപ്പറത്തിയെന്ന് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. രാജീവ്. യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന വിവരം പരസ്യപ്പെടുത്താതെ മറച്ചുപിടിക്കുന്നത് വഴി, ഇത് കേവലമൊരു ചട്ടലംഘനം എന്നതിലുപരി വലിയ ദുരൂഹതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പി. രാജീവിന്റെ രൂക്ഷ വിമർശനം.
കേന്ദ്ര സർക്കാരിന്റെ പെരുമാറ്റച്ചട്ടവും അത് അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിന്റെ പകർപ്പും ഉൾപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്. മന്ത്രിമാർ യാതൊരു കാരണവശാലും ആരിൽ നിന്നും വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റാൻ പാടില്ലെന്നും, ഔദ്യോഗികമായി ബന്ധമുള്ളവരിൽ നിന്ന് മന്ത്രിയോ കുടുംബാംഗങ്ങളോ യാതൊരുവിധ ഉപഹാരങ്ങളും സ്വീകരിക്കരുതെന്നും ഈ ഉത്തരവിൽ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ടെന്ന് രാജീവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പരാമർശിച്ച മലയാളി സുഹൃത്ത് സ്വന്തം വിമാനത്തിൽ തലസ്ഥാനത്തു നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയിൽ മുഖ്യമന്ത്രിക്ക് ഒരു 'ലിഫ്റ്റ്' നൽകിയതാണെങ്കിൽ അതിൽ ചട്ടലംഘനം ആരോപിക്കാനാവില്ല. എന്നാൽ, സുഹൃത്ത് ഒപ്പമില്ലാതെ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി വിമാനം സൗജന്യമായി വിട്ടുനൽകിയാൽ അത് ഉപയോഗിക്കാൻ നിലവിലെ പെരുമാറ്റച്ചട്ടം തെല്ലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗജന്യം നൽകുന്ന ആളുകളൊന്നും വ്യക്തിപരമായ ലാഭം ലക്ഷ്യമിട്ടല്ല വരുന്നതെന്ന വാദമോ, ഇവർ തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികളാണെന്ന ന്യായീകരണമോ ഒന്നും തന്നെ മുഖ്യമന്ത്രിക്കോ മന്ത്രിസഭാംഗങ്ങൾക്കോ ചട്ടലംഘനത്തിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും പി. രാജീവ് തുറന്നടിച്ചു.





