തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് ഡിവിഷൻ പിടിച്ചെടുത്ത് എൽഡിഎഫിന് തിളക്കമാർന്ന അട്ടിമറി വിജയം. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചുതെങ്ങ് വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ബിജി മോൾ വിജയിച്ചുകയറിയത്. ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട് ഉയർന്ന കൈയാങ്കളി വിവാദങ്ങളാണ് യുഡിഎഫിന് ഇവിടെ തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.
ചിറയിൻകീഴിലെ പരാജയത്തിൽ പ്രതികരണവുമായി സുധീർഷാ പാലോട് എംഎൽഎ രംഗത്തെത്തി. അനുകൂലമായ പൊതുസാഹചര്യം നിലനിന്നിട്ടും ഇവിടെ പ്രതികൂലമായ ഫലമാണ് ഉണ്ടായതെന്നും ഇക്കാര്യം പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവിധിയെ പൂർണ്ണ വിനയത്തോടെ സ്വീകരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ യുഡിഎഫ് സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് മൊത്തത്തിലുള്ള വിജയമെന്നും, കൂട്ടായ പ്രവർത്തനങ്ങളിലൂടെ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകുമെന്നും സുധീർഷാ കൂട്ടിച്ചേർത്തു.
അതേസമയം, ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് കാരണം രമ്യാ ഹരിദാസ് എംഎൽഎയാണെന്ന് ആരോപിച്ചുകൊണ്ട് പ്രാദേശിക കോൺഗ്രസ് നേതാവ് എസ്. സജാദ് രംഗത്തെത്തി. എംഎൽഎയുടെ വഴിവിട്ട ഇടപെടലുകളാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ കെപിസിസിയുടെ അച്ചടക്ക നടപടിക്ക് വിധേയനായ വ്യക്തിയാണ് എസ്. സജാദ്. രമ്യാ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയെത്തുടർന്ന് പാളയം പ്രദീപിനൊപ്പം സജാദിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും, രമ്യാ ഹരിദാസിനെ നേതൃത്വം താക്കീത് ചെയ്യുകയുമുണ്ടായി.





