കണ്ണൂർ: ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നിറവേറ്റാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നൽകിയ വാക്കുകൾ വാക്കുകളായിത്തന്നെ നിലനിൽക്കുമെന്നും, പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ കുറിച്ചിട്ടുണ്ടെന്നും അവ ഓരോന്നായി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണത്തിൽ വിമർശനങ്ങൾ അത്യന്താപേക്ഷിതമാണ്; അത്തരം വിമർശനങ്ങൾ ഉൾക്കൊണ്ടും തെറ്റുകൾ തിരുത്തിയുമാണ് സർക്കാർ മുന്നോട്ടുപോവുക. ജനങ്ങളോട് പ്രതിബദ്ധതയുള്ളതും അഴിമതിയുടെ പിന്നാലെ പോകാത്തതുമായ ഒരു ഭരണകൂടമായിരിക്കും ഇതെന്നും അദ്ദേഹം ഉറപ്പുനൽകി.
പരാജയപ്പെട്ടുപോകുമെന്ന് പലരും പ്രവചിച്ച പ്രിയദർശിനി പദ്ധതി സർക്കാർ യാഥാർത്ഥ്യമാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ പദ്ധതി സർക്കാരിന്റെ ഔദാര്യമോ സൗജന്യമോ അല്ലെന്നും സ്ത്രീസമൂഹത്തോടുള്ള ആദരവിന്റെ ഭാഗമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം ജനങ്ങൾ അനുഭവിച്ച യാതനകളൊന്നും സർക്കാർ വിസ്മരിക്കില്ല; എങ്കിലും ആരോടും രാഷ്ട്രീയ പകപോക്കലിനോ വേട്ടയാടലിനോ മുതിരില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
'കേരളത്തിൽ കാതലായ മാറ്റം കൊണ്ടുവരും; എന്നാൽ അത് പഴയ ശൈലിയിലാവില്ല, തികച്ചും പുതിയ രീതിയിലായിരിക്കും. ഭരണത്തിൽ ക്രിയാത്മകമായ വിമർശനങ്ങൾ ഉയരണം, കാരണം വിമർശനങ്ങൾക്ക് അതീതരായി ആരുമില്ല. അധികാരത്തിന്റെ ആഡംബരങ്ങളിലോ പത്രാസിലോ അഭിരമിക്കാത്ത ഒരു ജനകീയ സർക്കാരായിരിക്കും ഇത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എങ്കിലും ജനങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല. രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കേരളത്തെ വളർത്തുകയാണ് നമ്മുടെ ലക്ഷ്യം. കഴിഞ്ഞകാലത്ത് ജനങ്ങൾ അനുഭവിച്ച സങ്കടങ്ങളും പ്രയാസങ്ങളും ഞങ്ങൾ മറക്കില്ല; അത് മറന്നുപോയാൽ നാം നമ്മളല്ലാതായി മാറും', എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





