തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ച മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിന്റെ നടപടിയെ രൂക്ഷമായി പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ. സ്വന്തം പാളയത്തിനുള്ളിൽ ഇങ്ങനെയൊക്കെ സംഭവിക്കാൻ പാടുണ്ടോയെന്ന് വിജിൻ ചോദിച്ചു. ഡൽഹിയിൽ പ്രതിഷേധിക്കുമ്പോൾ പ്രശംസിക്കുകയും കേരളത്തിലെത്തുമ്പോൾ അതേ സമരത്തിന് ചെവിക്കുപിടിക്കുകയും ചെയ്യുന്ന രീതിയാണോ കോൺഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പെന്നും അദ്ദേഹം ചോദിച്ചു.
കരിങ്കൊടി വീശിയുള്ള സമരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പൂർണ്ണമായി ന്യായീകരിക്കുമ്പോൾ, അതേ പ്രതിഷേധത്തിന് നേരെ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയാണ്. ഡൽഹിയിൽ ഒരു സമീപനവും കേരളത്തിൽ തികച്ചും വിരുദ്ധമായ മറ്റൊരു നിലപാടുമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് വിജിൻ കുറ്റപ്പെടുത്തി. 'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി സമരത്തിന്റെ ദൃശ്യങ്ങൾ മന്ത്രി ജനീഷ് പോസ്റ്റ് ചെയ്തതിന് പിന്നാലെ സതീശൻ കണ്ണുരുട്ടി; ആ നിമിഷം തന്നെ പോസ്റ്റ് അപ്രത്യക്ഷമായി. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക എന്ന പഴഞ്ചൊല്ല് പണ്ടുമുതലേ യൂത്ത് കോൺഗ്രസുകാർക്ക് മാത്രമായി പതിച്ചുകിട്ടിയ ഒന്നാണെന്ന് തോന്നുന്നു' എന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വിജിൻ പരിഹസിച്ചു. ഈ യുവമന്ത്രിയെ ബഹിരാകാശത്തുനിന്ന് സുരക്ഷിതമായി താഴെയിറക്കാൻ ഒരു പാരച്യൂട്ട് സ്പോൺസർ ചെയ്യാൻ ഈ നാട്ടിൽ ആരുമില്ലേ എന്ന ചോദ്യത്തോടെയാണ് വിജിൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.





