കൊച്ചി: വിദേശത്ത് ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ആംസ്റ്റർ ഓവർസീസ് റിക്രൂട്ട്‌മെന്റ് ഏജൻസിയുടെ കൊച്ചി ഓഫീസിനുമുന്നിൽ തട്ടിപ്പിനിരയായവരുടെ രൂക്ഷമായ പ്രതിഷേധം. നൽകിയ പണം അടിയന്തരമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് ഓഫീസിന് മുന്നിൽ ഒത്തുചേർന്നത്. ഇതിനിടെ, അറസ്റ്റിലായ സ്ഥാപനത്തിന്റെ സിഇഒ പാർവ്വതി മായയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നാം പ്രതിയാണ് പാർവ്വതി.
വിദേശ ജോലി എന്ന മോഹത്തിൽ ലക്ഷങ്ങൾ നൽകിയവരും, വീട് വിറ്റും കടം വാങ്ങിയും പണം ഏൽപ്പിച്ചവരുമടക്കം വലിയൊരു സംഘമാണ് പ്രതിഷേധവുമായി കൊച്ചിയിലെത്തിയത്. പണം നഷ്ടമായ നൂറുകണക്കിന് ആളുകൾ മണിക്കൂറുകളോളം ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചിട്ടും പോലീസ് തുടക്കത്തിൽ തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം, കേസിൽ പ്രതിപ്പട്ടികയിലുള്ള പാർവ്വതി മായയുടെ ഭർത്താവ് ഉൾപ്പെടെയുള്ള മറ്റ് പ്രതികൾ നിലവിൽ വിദേശത്താണെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. തട്ടിപ്പിന്റെ സാമ്പത്തിക വ്യാപ്തി കണക്കിലെടുത്ത് ഇഡി, ഡിആർഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പോലീസ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്; വിദേശ പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസിന്റെ ശുപാർശ.
പോളണ്ട്, അർമേനിയ എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പാർവ്വതി മായ വൻതുക കൈപ്പറ്റിയത്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്ററിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു എന്നിവയ്ക്ക് പുറമെ ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശാഖകളുണ്ട്. വിവിധ രാജ്യങ്ങളിലേക്കുള്ള വിദേശ തൊഴിൽ ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഈ ഏജൻസി നൽകിവന്നിരുന്നത്.





