തിരുവനന്തപുരം: ശബരിമലയിലെ കടമുറികളുടെ ലേല വിവരങ്ങൾ ചോർന്നതിനെത്തുടർന്ന് സന്നിധാനത്തെ 210 കടമുറികൾക്കായി വീണ്ടും റീ-ടെൻഡർ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടെൻഡർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയെന്ന ക്രമക്കേട് പുറത്തുവന്നതോടെ മുൻപ് രണ്ട് ഘട്ടങ്ങളിലായി നടത്തിയ ടെൻഡർ നടപടികൾ ബോർഡ് റദ്ദാക്കിയിരുന്നു.
ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് മുൻകൂട്ടി ലഭിച്ച സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ വിശദമായ അന്വേഷണം മുന്നോട്ടുപോവുകയാണ്. ബോർഡിലെ ചില ഉദ്യോഗസ്ഥർ തന്നെ കരാറുകാർക്ക് സഹായം ചെയ്തുനൽകി എന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാപ്രദേശിലായിരുന്ന ദേവസ്വം വിജിലൻസ് എസ്പി നേരിട്ടെത്തി സംഭവസ്ഥലത്ത് അന്വേഷണം നടത്തി. ക്രമക്കേടിൽ ഉൾപ്പെട്ട രണ്ട് കരാറുകാരുടെ മൊഴി ഇതിനോടകം വിജിലൻസ് രേഖപ്പെടുത്തിക്കഴിഞ്ഞു. സംശയത്തിന്റെ നിഴലിലുള്ള മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ മൊഴിയെടുക്കുന്നതിനൊപ്പം ഫോൺ കോൾ വിവരങ്ങളും (സിഡിആർ) പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് വിഭാഗം വ്യക്തമാക്കി.
ടെൻഡർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് എസ്പിയോട് ദേവസ്വം ബോർഡ് ഭരണസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയോടെ വിജിലൻസ് എസ്പിയുടെ ഈ അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപിന്നാലെ ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും.





