തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണ്ണക്കിരീടം മോഷ്ടിക്കപ്പെട്ടതായി വിവരം. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ (445.78 ഗ്രാം) തൂക്കമുള്ള സ്വർണ്ണക്കിരീടത്തിന് പകരം 240 ഗ്രാം ഭാരം മാത്രമുള്ള മുക്കുപണ്ടമാണ് നിലവിലുള്ളതെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ വ്യക്തമായി.
2012-ൽ തമിഴ്നാട്ടിൽ നിന്നെത്തിയ തീർത്ഥാടകരാണ് ഈ കിരീടം കാണിക്കയായി സമർപ്പിച്ചത്. രസീത് നൽകി വിവരങ്ങൾ ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം, ശ്രീകോവിലിലെത്തിച്ച് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും തുടർന്ന് സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയുമായിരുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്വർണ്ണക്കിരീടം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. യഥാർത്ഥ കിരീടത്തിന് സമാനമായ രൂപത്തിലുള്ള മുക്കുപണ്ടത്തിൽ വജ്രത്തിന് തുല്യമായ വെള്ളക്കല്ലുകൾ പതിപ്പിച്ചിട്ടുണ്ട്. കിരീടത്തിന്റെ തൂക്കത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ശബരിമലയിൽ ലഭിക്കുന്ന അമൂല്യ വസ്തുക്കൾ ആദ്യം സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലും പിന്നീട് ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലേക്കുമാണ് മാറ്റാറുള്ളത്. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ സൂക്ഷിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ചുമതലയിലാണ്. പകൽ സമയങ്ങളിൽ മാത്രമേ ഈ മുറി തുറക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയുണ്ടെങ്കിലും ഇവിടെ സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
അതിനിടെ, ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ നിന്ന് നാല് പവന്റെ സ്വർണ്ണമാലയും കാണാതായതായി കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ അമിക്കസ് ക്യൂറിയുടെ പരിശോധനകൾ പൂർത്തിയായ ശേഷം വീഴ്ച ആരുടേതാണെന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു.
എന്നാൽ, അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോർഡ് രംഗത്തെത്തി. സ്വർണ്ണക്കിരീടത്തിന്റെ മാതൃകയിൽ ചെമ്പിൽ നിർമ്മിച്ച മറ്റൊരു കിരീടം സ്ട്രോങ്ങ് റൂമിൽ ഉണ്ടായിരുന്നുവെന്നും, പരിശോധനയിൽ ആദ്യം കണ്ടത് ഇതായതിനാലാണ് തെറ്റിദ്ധാരണ ഉണ്ടായതെന്നുമാണ് ഔദ്യോഗിക വിശദീകരണം. തമിഴ്നാട്ടിലെ ഭക്തർ നൽകിയ യഥാർത്ഥ കിരീടം സ്ട്രോങ്ങ് റൂമിൽ തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.





