തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുന്നതിനായി സർക്കാർ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നിർവ്വഹിക്കുന്നത്. ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവരാണ് ഈ അന്വേഷണ പാനലിലുള്ളത്.
ഈ സമിതി സമർപ്പിക്കുന്ന വിശദമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക. ഗൗരവതരമായ സാമ്പത്തിക തിരിമറികൾ റിപ്പോർട്ടിൽ ബോധ്യപ്പെട്ടാൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകാനും സാധ്യതയുണ്ട്. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിൽ (എം.ഡി.ആർ.എഫ്) നടന്ന വ്യാപക അഴിമതി ആരോപണങ്ങളെ തുടർന്നാണ് യൂണിയൻ പിരിച്ചുവിടാൻ ഉത്തരവിറങ്ങിയത്. ക്ഷീരവികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എം.ഡി.ആർ.എഫ് നിലവിൽ വന്നതിനു ശേഷം ഇന്നുവരെ അവിടെ കൃത്യമായ സാമ്പത്തിക ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തുടർനടപടികളുടെ ഭാഗമായി വയനാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തിട്ടുണ്ട്. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരം കുറഞ്ഞ പാൽ സംഭരിച്ചതിലൂടെ 27,45,000 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി ആക്ഷേപമുണ്ട്. ഈ ഭീമമായ നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കുന്നതിന് പകരം കണക്കിൽ തിരിമറി നടത്തി ഒതുക്കിത്തീർക്കുകയായിരുന്നു. ഇതിനു പുറമെ മലപ്പുറം ഡയറിയിൽ നിന്ന് നെയ്യ് മോഷണം പോയതിലും ഉൽപ്പന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ അന്തരം ഉണ്ടായതിലും ഗുരുതരമായ പരാതികളുണ്ട്. കൂടാതെ, മലപ്പുറം ഡയറിയുടെ ഉദ്ഘാടന ചടങ്ങുകൾക്കായി മാത്രം 1.50 കോടി രൂപ ചിലവഴിച്ചെന്നും, വെറും 50 ലക്ഷം രൂപയുടെ ഗ്രാന്റ് നേടിയെടുക്കാൻ 25 ലക്ഷം രൂപ ധൂർത്തടിച്ചെന്നും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.





