തിരുവനന്തപുരം: നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന നിർദ്ദേശത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് നഗരസഭാ മേയർ വി.വി. രാജേഷ് രംഗത്ത്. തിരക്കേറിയ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നതിനാൽ വംശനാശഭീഷണി നേരിടുന്ന ജീവികൾ ചത്തൊടുങ്ങുന്ന സാഹചര്യമുണ്ടെന്നും, 160 വർഷം മുൻപ് മൃഗശാല സ്ഥാപിക്കപ്പെട്ട കാലത്തെ ശാന്തമായ അന്തരീക്ഷമല്ല ഇപ്പോൾ നിലവിലുള്ളതെന്നും മേയർ ചൂണ്ടിക്കാട്ടി.
നഗരത്തിൽ അന്തരീക്ഷ മലിനീകരണത്തോടൊപ്പം ചൂടും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. നിരന്തരമുള്ള വാഹനങ്ങളുടെ ഹോൺ മുഴക്കങ്ങൾ അവിടുത്തെ മിണ്ടാപ്രാണികൾക്ക് വലിയ തോതിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതിനാൽ മൃഗങ്ങളുടെ സ്വാഭാവിക ജീവിതരീതിക്ക് ഇണങ്ങുന്ന തരത്തിലുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് ഇത് മാറ്റുകയാണ് ഉചിതം. മൃഗങ്ങൾ തുറന്ന കൂടുകളിൽ നിന്ന് ചാടിപ്പോകുന്ന നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. കൂടാതെ, ഇവിടെയുള്ള ജീവികൾക്ക് എന്തെങ്കിലും അസുഖങ്ങൾ ബാധിച്ചാൽ സമീപവാസികൾക്ക് അത് വലിയ തോതിൽ ആശങ്ക സൃഷ്ടിക്കാറുമുണ്ട്. നിലവിലെ സ്വാഭാവിക പച്ചപ്പ് സംരക്ഷിച്ച് പൊതുജനങ്ങൾക്ക് സമയം ചിലവഴിക്കാൻ ഉതകുന്ന ഇടമാക്കി ഇവിടം മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഏകദേശം 36 ഏക്കർ വിസ്തൃതിയിലാണ് ഈ മൃഗശാല പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി അടക്കമുള്ള പ്രതിസന്ധികൾ കാരണം മുൻപും മൃഗശാല മാറ്റണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും കാര്യക്ഷമമായ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.
തിരുവനന്തപുരം മൃഗശാല നിലവിൽ സ്ഥിതി ചെയ്യുന്നത് അനുയോജ്യമായ ഭൂപ്രകൃതിയിലല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നുപറഞ്ഞിരുന്നു. ജനസാന്ദ്രതയേറിയ നഗരത്തിൽ മൃഗങ്ങളെ പാർപ്പിക്കുന്നത് അവയോട് കാട്ടുന്ന ക്രൂരതയാണെന്നും, നെയ്യാർ പോലെ വനമേഖലയോട് ചേർന്നുകിടക്കുന്ന അനുയോജ്യമായ മറ്റൊരു ഇടത്തിലേക്ക് മാറ്റുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.





