കൊച്ചി: സംസ്ഥാനത്തെ വിവിധ പാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന ശൃംഖലയിലെ മലയാളി ഡി.ജെയും വിദേശ പൗരന്മാരുമടക്കം ഏഴ് പേരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ ഡി.ജെ സിദ്ധാർഥ് ദാമോർ, കോഴിക്കോട് ബേപ്പൂർ നോർത്ത് സ്വദേശി ഹംദാൻ അഹമ്മദ്, അരക്കിണർ സ്വദേശി പി. അഫ്‌ലാഹ്, പഞ്ചാബിലെ കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, തമിഴ്‌നാട് സ്വദേശി അരുൺ രാജ്കുമാർ, നൈജീരിയൻ വനിത ചിസോബ ഹെലൻ ആന്തണി (സോണിയ), സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെ എന്നിവരാണ് പിടിയിലായത്.
ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലെ ഡി.ജെ നൈറ്റുകളിലേക്കും പാർട്ടികളിലേക്കും രാസലഹരി എത്തിക്കുന്ന സംഘമാണിത്. ഈ മാസം പത്താം തീയതി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 8.12 ഗ്രാം കൊക്കെയ്നുമായി ഗുർപ്രീത് സിങ്, ഹംദാൻ അഹമ്മദ്, പി. അഫ്‌ലാഹ് എന്നിവരെ കൊച്ചി എൻ.സി.ബി സംഘം പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംഘത്തിലെ പ്രധാനിയായ സിദ്ധാർഥ് ദമോറിനെ അന്നേദിവസം തന്നെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിൽ വെച്ച് അറസ്റ്റ് ചെയ്തു. ഊട്ടിയിൽ സ്വന്തമായി റിസോർട്ട് നടത്തുന്ന സിദ്ധാർഥ് ദമോറിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ പലയിടങ്ങളിലും ഡി.ജെ പാർട്ടികൾ അരങ്ങേറാറുണ്ടെന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നീട് ഈ ശൃംഖലയുടെ മുഖ്യ ആസൂത്രകനും ബെംഗളൂരുവിൽ ഐ.ടി ജീവനക്കാരനുമായ അരുൺ രാജ്‌കുമാറിലേക്ക് അന്വേഷണമെത്തുകയും ഇയാളെ വലയിലാക്കുകയും ചെയ്തു.
വിദേശികളിൽ നിന്നും നേരിട്ട് കൊക്കെയ്ൻ വാങ്ങി ഇടനിലക്കാർക്കും ആവശ്യക്കാർക്കും കൈമാറുന്ന ജോലി ചെയ്തിരുന്നത് അരുൺ രാജ്കുമാറാണെന്ന് എൻ.സി.ബി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 12-ന് നൈജീരിയൻ സ്വദേശിനി സോണിയ എന്ന ചിസോബ ഹെലൻ ആന്തണിയെയും, സെപ്റ്റംബർ 13-ന് സിംബാബ്‌വെ സ്വദേശി മുഫുകാരെ വിറ്റാലിസ് ടാഡിസ്വനാഷെയെയും ബെംഗളൂരുവിൽ വെച്ച് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്നും യഥാക്രമം 16 ഗ്രാം, 8.98 ഗ്രാം എന്നിങ്ങനെ കൊക്കെയ്ൻ പിടിച്ചെടുത്തു. ചിസോബ പത്ത് വർഷം മുൻപ് അടിയന്തര മെഡിക്കൽ വിസയിലാണ് രാജ്യത്തെത്തിയത്. മുഫുകാരെ ആകട്ടെ സ്റ്റുഡന്റ് വിസയിലാണ് ഇന്ത്യയിലെത്തിയിട്ടുള്ളതെന്നും എൻ.സി.ബി വ്യക്തമാക്കി. നിലവിൽ പിടിയിലായ സിദ്ധാർഥ് ദാമോർ, ഹംദാൻ അഹമ്മദ്, പി. അഫ്‌ലാഹ് എന്നിവർ മുൻപ് യു.എ.ഇയിൽ വെച്ച് ലഹരിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. അവിടെ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഇവർ ലഹരിസംഘത്തിലെ മറ്റ് പ്രതികളുമായി സമ്പർക്കം പുനഃസ്ഥാപിച്ച് വിതരണം തുടരുകയായിരുന്നുവെന്നാണ് എൻ.സി.ബി നൽകുന്ന വിശദീകരണം.





