Malayali Media
Kerala

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമം; പീക്ക് ഡിമാൻഡ് 5400 മെഗാവാട്ടിലെത്തി, സർക്കാരിന് സമഗ്ര നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി എഞ്ചിനീയേഴ്സ് അസോസിയേഷൻ

18 Sept 202630 views 3 min read
സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമം; പീക്ക് ഡിമാൻഡ് 5400 മെഗാവാട്ടിലെത്തി, സർക്കാരിന് സമഗ്ര നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി എഞ്ചിനീയേഴ്സ് അസോസിയേഷൻ
Advertisement

തിരുവനന്തപുരം: കേരളത്തിൽ ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.ഇ.ബി എഞ്ചിനീയേഴ്സ് അസോസിയേഷൻ. സെപ്റ്റംബർ മാസത്തിൽ ഒരു ദിവസം തന്നെ പല തവണ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, പ്രശ്നപരിഹാരത്തിനായുള്ള നിർദ്ദേശങ്ങൾ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് സമർപ്പിച്ചു.

എൽനിനോ പ്രതിഭാസവും വർദ്ധിച്ചുവരുന്ന വേനൽച്ചൂടും കാരണം ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമുള്ള പീക്ക് സമയത്തെ ഉപഭോഗത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. സെപ്റ്റംബറിൽ പ്രതീക്ഷിച്ചിരുന്ന പീക്ക് ഡിമാൻഡ് 4800 മെഗാവാട്ടായിരുന്നെങ്കിലും നിലവിൽ അത് 5400 മെഗാവാട്ടായി ഉയർന്നു. എന്നാൽ ഈ സമയത്തെ ലഭ്യതയാകട്ടെ 4200 മെഗാവാട്ട് മാത്രമാണ്. പ്രതിദിനം 1200 മുതൽ 1300 മെഗാവാട്ടിന്റെ വരെ കമ്മി അനുഭവപ്പെടുന്നുണ്ട്. എയർ കണ്ടീഷണറുകളുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും വർദ്ധിച്ചതോടെ പീക്ക് സമയം പുലർച്ചെ 2 മണി വരെ നീളുകയാണ്. പവർ എക്‌സ്‌ചേഞ്ചുകൾ വഴി 800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത്. ശേഷിക്കുന്ന 500 മെഗാവാട്ടിന്റെ കുറവ് ലോഡ് ഷെഡ്ഡിംഗിലൂടെയാണ് നിലവിൽ പരിഹരിക്കുന്നത്.

പ്രതിസന്ധി മറികടക്കാൻ അടിയന്തര പദ്ധതികളും അസോസിയേഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇടുക്കിയിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർത്ത് ജലവൈദ്യുതോൽപ്പാദനം പരമാവധി ഉയർത്തുക, കോഴിക്കോട്, ബ്രഹ്മപുരം ഡീസൽ നിലയങ്ങൾ ഉടൻ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുക എന്നിവയ്ക്കാണ് മുൻഗണന നൽകേണ്ടത്.

ഇതിനുപുറമെ, 350 മെഗാവാട്ട് സ്വാപ്പ് വൈദ്യുതി തിരികെ നൽകുന്നത് വരാനിരിക്കുന്ന അടുത്ത മൺസൂൺ കാലത്തേക്ക് മാറ്റിവെക്കുകയോ അല്ലെങ്കിൽ ഓഫ്-പീക്ക് സമയങ്ങളിലേക്ക് ക്രമീകരിക്കുകയോ ചെയ്യുന്നത് പ്രതിസന്ധിക്ക് ആശ്വാസമാകും. വൻകിട വ്യാവസായിക സ്ഥാപനങ്ങളുടെ വൈദ്യുതോപയോഗം പീക്ക് സമയങ്ങളിൽ നിന്ന് മറ്റ് സമയങ്ങളിലേക്ക് പുനഃക്രമീകരിക്കുക, വാട്ടർ അതോറിറ്റിയുടെ പമ്പിംഗും കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പിംഗും സൗരോർജ്ജം ലഭ്യമായ പകൽ സമയത്തേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. വേനൽക്കാല ആവശ്യങ്ങൾക്കായി അണക്കെട്ടുകളിലെ ജലശേഖരം നിലനിർത്താൻ ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകൾ ഉറപ്പാക്കണമെന്നും ശുപാർശയുണ്ട്.

ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് നടപ്പാക്കാവുന്ന പദ്ധതികളും അസോസിയേഷൻ സമർപ്പിച്ചു. 2026 നവംബർ-ഡിസംബർ ഘട്ടത്തിൽ 10 ലക്ഷം ഫാനുകൾ ബി.എൽ.ഡി.സി (BLDC) വിഭാഗത്തിലേക്ക് മാറ്റിയാൽ 42 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാകും. പഴയ റഫ്രിജറേറ്ററുകളും എയർ കണ്ടീഷണറുകളും മാറ്റി പുതിയവ വാങ്ങാൻ സബ്സിഡി നൽകുന്ന കാര്യവും സർക്കാരിന് പരിഗണിക്കാം.

12 മെഗാവാട്ടിന്റെ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കുക, പ്രധാന സബ്സ്റ്റേഷനുകളിൽ 1 മെഗാവാട്ടിന്റെ ബി.ഇ.എസ്.എസ് (BESS) യൂണിറ്റുകൾ സ്ഥാപിക്കുക, റൂഫ്‌ടോപ്പ് സോളാർ സംവിധാനങ്ങളിൽ ബാറ്ററി സ്റ്റോറേജ് നടപ്പാക്കുക എന്നിവയും നിർദ്ദേശങ്ങളിലുണ്ട്. ഡ്രോൺ സർവേ പൂർത്തിയാക്കി ഡി.പി.ആർ തയ്യാറാക്കി 2031-ഓടെ നിർമ്മാണം തുങ്ങി 2036-ഓടെ കമ്മീഷൻ ചെയ്യുന്ന പദ്ധതികൾക്കും രൂപം നൽകണം. ഇതിനൊപ്പം, വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ എ.സി, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, മോട്ടോർ പമ്പുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനും ഇലക്ട്രിക് വാഹനങ്ങൾ പകൽ സമയത്ത് മാത്രം ചാർജ് ചെയ്യാനും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.

Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമം; പീക്ക് ഡിമാൻഡ് 5400 മെഗാവാട്ടിലെത്തി, സർക്കാരിന് സമഗ്ര നിർദ്ദേശങ്ങളുമായി കെ.എസ്.ഇ.ബി എഞ്ചിനീയേഴ്സ് അസോസിയേഷൻ | Malayali Media