Malayali Media
Kerala

വൈദ്യുതി ക്ഷാമം രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്

18 Sept 202618 views 3 min read
വൈദ്യുതി ക്ഷാമം രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്
Advertisement

തിരുവനന്തപുരം: രൂക്ഷമായ ഊർജ്ജ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസിയിൽ വരുന്ന ഇടിവും കാരണം ഇന്ന് വൈകുന്നേരം 6:15 മുതൽ അർദ്ധരാത്രി 12:45 വരെയുള്ള സമയപരിധിയിൽ നിയന്ത്രണം അനിവാര്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

എൽനിനോ മൂലമുണ്ടായ മഴയുടെ ഗണ്യമായ കുറവും വർദ്ധിച്ച അന്തരീക്ഷ താപനിലയും കാരണം കേരളത്തിൽ വൈദ്യുതോപയോഗം ഉയർന്ന നിരക്കിൽ തന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പീക്ക് സമയ ആവശ്യകത 5496 മെഗാവാട്ടായി ഉയർന്നിരുന്നു. കടുത്ത വേനൽക്കാലങ്ങളിൽ ഉണ്ടാകുന്ന ആവശ്യകതയ്ക്ക് തുല്യമായ അളവാണിത്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഡിമാൻഡിൽ ഏകദേശം 1200 മെഗാവാട്ടിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ഭീമമായ ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെയുള്ള കമ്മി നേരിടാൻ സാധ്യതയുണ്ടെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

രാജ്യത്തുടനീളം വൈദ്യുതി ഡിമാൻഡ് വലിയ തോതിൽ ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത കുത്തനെ കുറഞ്ഞിട്ടുണ്ട്. ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച പ്രകാരമുള്ള 12000 മെഗാവാട്ടിന്റെ ദേശീയ ക്ഷാമം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലാത്തതും തിരിച്ചടിയാണ്. ഇതിനൊപ്പം സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള വിഹിതത്തിലും അപ്രതീക്ഷിത കുറവുണ്ടായി.

ദേശീയ തലത്തിൽ കാറ്റാടി പാടങ്ങളിൽ നിന്നുള്ള ഉൽപ്പാദനം ശുഷ്കമായതും ആവശ്യകത കുതിച്ചുയർന്നതും കാരണം ലഭ്യത ഇനിയും കുറഞ്ഞേക്കാമെന്ന് നാഷണൽ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പുമുണ്ട്. കൂടാതെ, സ്വാപ്പ് വ്യവസ്ഥയിൽ മധ്യപ്രദേശിൽ നിന്ന് എത്തിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമാകാത്തതിനാൽ അത്രയും അളവിന്റെ അധിക കമ്മിയും സംസ്ഥാനം നേരിടുന്നുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

Tags:#kseb#power shortage
Advertisement

Comments

Add a Comment

Our Channels

വൈദ്യുതി ക്ഷാമം രൂക്ഷം: സംസ്ഥാനത്ത് ഇന്നും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് | Malayali Media