കണ്ണൂർ: കൃത്രിമ രേഖകൾ ഹാജരാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായ അധ്യാപകന് കോടതി ശിക്ഷ വിധിച്ചു. പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് വകുപ്പ് തലവനും സിൻഡിക്കേറ്റ് അംഗവുമായ ഡോ. എൻ.കെ. ദീപക്കിനെയാണ് വിജിലൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ആറ് വർഷത്തെ തടവിനും എൺപതിനായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
ദിവസവേതന വ്യവസ്ഥയിൽ സർവ്വകലാശാലയിൽ പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തിയെന്ന വ്യാജേനയായിരുന്നു തിരിമറി. കള്ള മേൽവിലാസവും വ്യാജ ഒപ്പുമിട്ട് രണ്ടു മാസത്തെ ശമ്പളത്തുക ഡോ. ദീപക് തന്നെ നേരിട്ട് തട്ടിയെടുത്തു എന്നതായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. പതിനെട്ട് വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ വിധി പുറത്തുവന്നിരിക്കുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമായിരുന്നു ഇദ്ദേഹത്തെ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദ്ദേശം ചെയ്തത്.
2008-ൽ പ്രതി ഫിസിക്സ് വകുപ്പ് മേധാവിയായിരുന്ന സമയത്താണ് കേസിന് ആധാരമായ തിരിമറി നടക്കുന്നത്. പ്രസ്തുത വകുപ്പിലെ പ്രൊഫഷണൽ അസിസ്റ്റന്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കാനായി 2008 ജൂൺ 26-ന് സർവ്വകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിന് അംഗീകാരം ലഭിച്ചതോടെയാണ് പ്രതി ആസൂത്രിതമായി തട്ടിപ്പ് നടത്തിയത്. അക്കാലത്ത് കെമിസ്ട്രി വിഭാഗത്തിൽ ഇതേ തസ്തികയിൽ താൽക്കാലിക ജോലി ചെയ്തിരുന്നയാളുടെ പേരിൽ ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ രേഖകൾ വ്യാജമായി ചമയ്ക്കുകയും, അതിൽ ഇല്ലാത്ത വിലാസം ഉൾപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ കള്ളരേഖകൾ ഉപയോഗിച്ച് ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തിയെന്ന് സർവ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് വിനോദ് കുമാർ ഡി എന്നയാളുടെ പേരിൽ വ്യാജ ഒപ്പിട്ട് നൽകി 2008 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ശമ്പളം പ്രതി സ്വന്തം കൈവശപ്പെടുത്തിയെന്ന് തെളിവുകൾ സഹിതം പ്രോസിക്യൂഷൻ സ്ഥാപിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് പബ്ലിക് പ്രോസിക്യൂട്ടർ അനൂബ് കെ.ബി ഹാജരായി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കണ്ണൂർ യൂണിറ്റാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. മുൻ ഡിവൈ.എസ്.പി വി. മധുസൂദനൻ രജിസ്റ്റർ ചെയ്ത കേസ്, അദ്ദേഹവും മുൻ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തും ചേർന്നാണ് അന്വേഷിച്ചത്. തുടർന്ന് ബാബു പെരിങ്ങേത്താണ് കോടതിയിൽ അന്തിമ കുറ്റപത്രം നൽകിയത്.





