Malayali Media
Kerala

മുഖ്യമന്ത്രിക്ക് പ്രശംസ, പിണറായി വിജയന് രൂക്ഷവിമർശനം; മുതിർന്ന നേതാവ് സി. ദിവാകരന് സി.പി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്

18 Sept 202628 views 3 min read
മുഖ്യമന്ത്രിക്ക് പ്രശംസ, പിണറായി വിജയന് രൂക്ഷവിമർശനം; മുതിർന്ന നേതാവ് സി. ദിവാകരന് സി.പി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ്
Advertisement

തിരുവനന്തപുരം: പരസ്യ പ്രസ്താവനകളുടെ പേരിൽ മുതിർന്ന നേതാവ് സി. ദിവാകരന് സി.പി.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി സംസാരിച്ചതും, നിയമസഭാ കക്ഷി ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ തൊടുത്തുവിട്ടതുമാണ് നടപടിക്ക് കാരണമായത്.

അധികാരത്തിലേറി കേവലം നൂറ് ദിനങ്ങൾ പിന്നിടുമ്പോൾ തന്നെ നാടിന്റെ താല്പര്യങ്ങൾ വി.ഡി. സതീശന്റെ കൈകളിൽ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി സർക്കാർ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളുമായി സഹകരിക്കാൻ സാധിക്കുമെന്നും സി. ദിവാകരൻ പൊതുവേദിയിൽ പ്രസ്താവിച്ചിരുന്നു. കേരളത്തിന്റെ ജനപ്രിയനും വികാരവുമായ വി.ഡി. സതീശൻ പങ്കെടുക്കുന്നതിനാലാണ് താൻ രണ്ടു മണിക്കൂറോളം കാത്തിരുന്നതെന്നും, സാധാരണ ആരെയും കാത്തിരിക്കുന്ന പ്രകൃതക്കാരനല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമസഭയിൽ മുൻപ് തങ്ങളെയെല്ലാം വിറപ്പിച്ച പ്രതിപക്ഷ നേതാവായിരുന്നു സതീശനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിന് മറുപടിയായി, ആരെയും ഭയപ്പെടാതെ നിലപാടുകൾ നേർക്കുനേർ തുറന്നുപറയുന്ന കരുത്തനായ നേതാവാണ് സി. ദിവാകരനെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പുകഴ്ത്തിയിരുന്നു.

എന്നാൽ, നിയമസഭാ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പിണറായി വിജയനെതിരെ അതിരൂക്ഷമായ കടന്നാക്രമണമാണ് ദിവാകരൻ നടത്തിയത്. ഇതിന് മറുപടി നൽകേണ്ടത് സി.പി.ഐ.എമ്മാണെന്നും അല്ലാതെ പിണറായി വിജയനോ എം.വി. ഗോവിന്ദനോ തനിച്ചല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. വിഷയങ്ങളെ പിണറായി ലാഘവത്തോടെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് പ്രസ്ഥാനങ്ങളിൽ പുതിയ മുഖങ്ങൾ കടന്നുവരണമെന്നും എപ്പോഴും ഒരേ മുഖങ്ങളെ ചുമക്കേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപനേതാവ് പദവിക്ക് സി.പി.ഐക്ക് പൂർണ്ണ അർഹതയുണ്ടെന്നും പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്ത് കൈക്കൊണ്ട തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' പോലെയുള്ള നയങ്ങളല്ല ഇവിടെ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടപ്പോൾ സി.പി.ഐ.എം പെറ്റി പൊളിറ്റിക്‌സ് പറയുകയാണ് ചെയ്തത്. ഇടത് മുന്നണിയുടെ കുത്തക ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി വിജയനെതിരെ ഒന്നും പറയാതിരുന്നത് പറയാൻ കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞ നേതാവാണ് പിണറായി. ഉപനേതാവ് സ്ഥാനത്തിൽ സി.പി.ഐ.എം ഇപ്പോൾ മൗനം പാലിക്കുകയാണ്. കീഴ്‌വഴക്കങ്ങൾ തിരുത്തപ്പെടേണ്ടതാണ്. അഭിപ്രായപ്രകടനങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു. വി.എസ്. അച്യുതാനന്ദൻ വിപുലമായ കാഴ്ചപ്പാടുള്ള കമ്മ്യൂണിസ്റ്റായിരുന്നുവെന്നും അദ്ദേഹം എൽ.ഡി.എഫ് കൺവീനറായിരുന്ന കാലത്ത് ഒരു തർക്കവുമുണ്ടായിരുന്നില്ലെന്നും ദിവാകരൻ ഓർമ്മിപ്പിച്ചു. പാർട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോവുകയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങൾ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നൽകിയ താത്കാലിക 'ഷോക്ക് ട്രീറ്റ്‌മെന്റാണ്' പരാജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Comments

Add a Comment

Our Channels

മുഖ്യമന്ത്രിക്ക് പ്രശംസ, പിണറായി വിജയന് രൂക്ഷവിമർശനം; മുതിർന്ന നേതാവ് സി. ദിവാകരന് സി.പി.ഐയുടെ കാരണം കാണിക്കൽ നോട്ടീസ് | Malayali Media