തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശത്തിൽ നിയമോപദേശം പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട ഒരു വ്യക്തിയെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു. അഴിമതിക്ക് കൂട്ടുനിന്നവരെ എന്തിനാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 'ഇന്ത്യ ടുഡേ കോൺക്ലേവിൽ' പങ്കെടുത്തു സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. കേരളത്തിൽ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിൽ പരസ്പര ഒത്തുതീർപ്പും സഹകരണവുമാണ് നിലനിൽക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഭരണത്തിനിടയിൽ ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്ര ഏജൻസികൾ നടപടി സ്വീകരിക്കാതിരുന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
സി.എം.ആർ.എൽ-എക്സാലോജിക് അവിഹിത ഇടപാടുകളിൽ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) കഴിഞ്ഞ ആഴ്ചയാണ് ഇ.ഡി കത്ത് നൽകിയത്. പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. വീണ മുഖേന പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്നും 3.28 കോടി രൂപ കോഴയായി കൈപ്പറ്റിയെന്നാണ് ആരോപണം. ഈ കോഴപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും മറ്റ് സുഹൃത്തുക്കൾ വഴിയും ദുബായിലേക്ക് കടത്തി. കോഴപ്പണം വാങ്ങുന്നതിനും അത് മറ്റ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും വീണ തന്റെ പിതാവായ പിണറായി വിജയനെയും ഭർത്താവായ മുഹമ്മദ് റിയാസിനെയും സഹായിക്കുകയായിരുന്നുവെന്നും ഇ.ഡി അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഇടപാടുകൾ സുഗമമാക്കാൻ എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചുവെന്നും, സി.എം.ആർ.എൽ എം.ഡി കൈക്കൂലി പണം നേരിട്ട് നൽകിയെന്നും, മുൻ സി.എഫ്.ഒ പി. സുരേഷ് കുമാർ സാമ്പത്തിക കൈമാറ്റങ്ങൾക്ക് ഒത്താശ ചെയ്തുവെന്നും ആരോപണമുണ്ട്. ഇതോടൊപ്പം അവിഹിത പണം സ്വീകരിക്കുന്നതിലും കടത്തുന്നതിലും വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്.





