തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർദ്ധിക്കുന്നതായി കെ.എസ്.ഇ.ബി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള വൈദ്യുതോപയോഗമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 99.87 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ മൊത്തം ഉപയോഗം. രാത്രിയിലെ പീക്ക് ഡിമാൻഡ് 5305 മെഗാവാട്ടിലെത്തിയ സാഹചര്യത്തിൽ ഇന്ന് 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് ഉണ്ടായേക്കുമെന്നും, അതിനാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും ബോർഡ് വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിരുന്നില്ലെന്നും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ബദൽ മാർഗ്ഗങ്ങൾ സജീവമായി ആരാഞ്ഞു വരികയാണെന്നും അധികൃതർ അറിയിച്ചു.
തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞ ദിവസം കേരളത്തിൽ നിയന്ത്രണം ഒഴിവാക്കാൻ തുണയായത്. ഈ സാഹചര്യം പവർ ഗ്രിഡിൽ നിന്നുള്ള വൈദ്യുതി വരവ് വർദ്ധിപ്പിക്കുകയും പവർ എക്സ്ചേഞ്ച് മുഖേന ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് കെ.എസ്.ഇ.ബി വിശദീകരിച്ചു. 700 മെഗാവാട്ടിന്റെ കമ്മി അനുഭവപ്പെട്ടെങ്കിലും ആവശ്യമായ വൈദ്യുതി സമാഹരിക്കാൻ സാധിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടയിൽ രാത്രികാല നിയന്ത്രണം ഇല്ലാതെ കടന്നുപോയ രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.
അതിനിടെ, ഊർജ്ജ ലഭ്യത ഉറപ്പാക്കാനായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (സെക്കി) കെ.എസ്.ഇ.ബി ദീർഘകാല വാങ്ങൽ കരാറിൽ ഏർപ്പെട്ടു. ഈ കരാർ നിലവിൽ വരുന്നതോടെ രാത്രി സമയങ്ങളിൽ കേരളത്തിന് 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും. യൂണിറ്റൊന്നിന് ആറ് രൂപ നിരക്കിൽ ലഭ്യമാകുന്ന ഈ പദ്ധതിയുടെ വിതരണം 2028 മാർച്ച് മാസത്തിലാണ് ആരംഭിക്കുക. 25 വർഷത്തെ കാലാവധിക്കാണ് ഈ ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ളത്.





