തിരുവനന്തപുരം: സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (സെക്കി) ദീർഘകാല വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെച്ച് കെ.എസ്.ഇ.ബി. പുതിയ ഉടമ്പടി നിലവിൽ വരുന്നതോടെ രാത്രി സമയങ്ങളിൽ കേരളത്തിന് 300 മെഗാവാട്ട് വൈദ്യുതി അധികമായി ലഭ്യമാകും. യൂണിറ്റൊന്നിന് ആറ് രൂപ നിരക്കിലാണ് ഈ വൈദ്യുതി ലഭിക്കുക. 2028 മാർച്ച് മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാറിന്റെ കാലാവധി 25 വർഷമാണ്.
സംസ്ഥാനത്ത് വേനൽക്കാല രാത്രികളിൽ ഉണ്ടാകാറുള്ള കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണാൻ ഈ കരാർ സഹായിക്കുമെന്നാണ് വൈദ്യുതി ബോർഡ് കണക്കുകൂട്ടുന്നത്. അതേസമയം, മുൻപുണ്ടായിരുന്ന ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകാത്തതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിൽ വിഷയം വേഗത്തിൽ പരിഗണിക്കണമെന്നാണ് സർക്കാർ കോടതിയിൽ നൽകിയ പ്രത്യേക അപേക്ഷയിലെ ആവശ്യം. പഴയ കരാറുകൾ റദ്ദാക്കപ്പെട്ടത് മൂലം സംസ്ഥാനത്തിന് ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇതുവരെ 12,570 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും സർക്കാർ സുപ്രീം കോടതിയെ ധരിപ്പിച്ചു.
ദീർഘകാല കരാറുകൾ അസാധുവായതോടെ തുച്ഛമായ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന വൈദ്യുതി സംസ്ഥാനത്തിന് നഷ്ടമാകുകയാണെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. ഇത് സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചു. ഇതുവരെ നേരിട്ട ആകെ നഷ്ടം 12,570 കോടി രൂപയാണെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ, 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 748.20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പരമോന്നത കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് ഈ അടിയന്തര അപേക്ഷ സുപ്രീം കോടതിയിൽ സമർപ്പിച്ചത്.





