കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ വൈസ് ചാൻസലർ ഡോ. സിസ തോമസിനെ വഴിതടഞ്ഞ കേസിൽ 17 എസ്.എഫ്.ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് വിദ്യാർത്ഥി പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്നിവരടക്കമുള്ള നേതാക്കൾക്കാണ് കോടതിയുടെ ഈ ആശ്വാസ നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 13-നായിരുന്നു സിൻഡിക്കേറ്റ് യോഗത്തിനിടെ വി.സി സിസ തോമസിനെ ലക്ഷ്യമിട്ട് വിദ്യാർത്ഥികളുടെ ശക്തമായ സമരം അരങ്ങേറിയത്. സർവ്വകലാശാലാ കാമ്പസിൽ കത്താത്ത വഴിവിളക്കുകളുടെ പ്രതീകാത്മക ശവമഞ്ചവുമായി യോഗ ഹാളിലേക്ക് കടന്നുവന്നായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം. വി.സി സിസ തോമസിനെയും ഒപ്പമുണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയും സമരക്കാർ ഹാളിൽ തടഞ്ഞുവെക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ തനിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായതായി ചൂണ്ടിക്കാട്ടി സിസ തോമസ് രംഗത്തെത്തി. സിൻഡിക്കേറ്റ് അംഗങ്ങളെ മുറിക്കുള്ളിൽ പൂട്ടിയിട്ടെന്നും തന്റെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തിയെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പോലീസിൽ നിയമനടപടിക്ക് മുതിരില്ലെന്നായിരുന്നു തുടക്കത്തിൽ സിസ തോമസ് നിലപാടെടുത്തിരുന്നതെങ്കിലും, പിന്നീട് നിലപാട് മാറ്റി പരാതിയുമായി മുന്നോട്ടുപോവുകയായിരുന്നു.





