തൊടുപുഴ: മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കാനുള്ള നീക്കത്തിൽ ശക്തമായ എതിർപ്പുമായി കേരള കോൺഗ്രസ് രംഗത്ത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും മുൻപ് യു.ഡി.എഫിൽ സമഗ്രമായ ചർച്ച നടക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയുടെ ജീവനാഡിയും ഹൃദയവുമാണ് തൊടുപുഴയെന്നും, അവിടം അടർത്തിമാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ഈ വിയോജിപ്പ് മുൻപുതന്നെ യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടുക്കിയിൽ നിന്ന് തൊടുപുഴ അടക്കമുള്ള മണ്ഡലങ്ങൾ അടർത്തി മാറ്റി മറ്റൊരു ജില്ലയുടെ ഭാഗമാക്കുന്നത് ഇടുക്കിയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നാണ് പാർട്ടി നിലപാട്. വിഷയത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് തുടക്കത്തിൽത്തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. മുൻപ് മൂവാറ്റുപുഴ എം.എൽ.എയായിരുന്ന ജോസഫ് വാഴയ്ക്കൻ ഈ ആവശ്യം സഭയിൽ ഉന്നയിച്ച വേളയിൽ ചർച്ചകൾക്ക് ശേഷം വേണ്ടെന്നുവെച്ച കാര്യമാണിത്. ഇനി ഇതിൽ മറ്റ് സാധ്യതകളുണ്ടോ എന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല. നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കാൻ എം.എൽ.എയ്ക്കും പ്രതികരിക്കാൻ മുഖ്യമന്ത്രിക്കും അധികാരമുണ്ട്. എന്നാൽ യു.ഡി.എഫ് ആണ് വിഷയം വിശദമായി പരിശോധിക്കേണ്ടതെന്നും മുന്നണി ചർച്ചയിൽ പാർട്ടി കൃത്യമായ നിലപാട് പറയുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. മൂവാറ്റുപുഴയെ ജില്ലയാക്കുന്നത് പരിഗണനയിലുണ്ടെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ വരുന്ന ഘട്ടത്തിൽ സർക്കാർ ഇക്കാര്യം ഉറപ്പായും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് അണക്കെട്ടിൽ സന്ദർശനം നടത്തുമെന്നും ജലവിഭവ മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള സമ്പൂർണ്ണ സുരക്ഷാ പരിശോധന വേണമെന്ന് സംസ്ഥാനം കർശനമായി ആവശ്യപ്പെടും. ഇതിന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ കേരളം പരമോന്നത കോടതിയെ സമീപിക്കും. കേസ് നടത്തുന്നതിൽ മുൻ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചതായി കുറ്റപ്പെടുത്തിയ അദ്ദേഹം, സംസ്ഥാനം പുതിയ നിയമ സംഘത്തെ സുപ്രീംകോടതിയിൽ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. സുരക്ഷാ പരിശോധന പൂർത്തിയായ ശേഷം കേരളം ഉന്നതതല യോഗം വിളിച്ച് തുടർനടപടികൾ വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.





